ഗാസയ്ക്ക് സമാധാന സമിതിയായി ; ടോണി ബ്ലെയറും മാര്‍ക്കോ റൂബിയോയും അംഗങ്ങള്‍

ഗാസയ്ക്ക് സമാധാന സമിതിയായി ; ടോണി ബ്ലെയറും മാര്‍ക്കോ റൂബിയോയും അംഗങ്ങള്‍


വാഷിംഗ്ടണ്‍: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് തയ്യാറാക്കിയ 20 പോയിന്റ് സമാധാന പദ്ധതിയുടെ ഭാഗമായി 'ബോര്‍ഡ് ഓഫ് പീസ്' എന്ന സമിതിയെ ട്രംപ് ഭരണകൂടം രൂപീകരിച്ചു. യുഎസ് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ ടോണി ബ്ലെയറും സമിതിയുടെ സ്ഥാപക അംഗങ്ങളിലുണ്ട്.

ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാരെഡ് കുഷ്‌നറും സ്ഥാപക എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. ട്രംപ് തന്നെയാണ് ബോര്‍ഡിന്റെ ചെയര്‍മാന്‍. ഗാസയുടെ താല്‍ക്കാലിക ഭരണവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും.

സ്വകാര്യ ഇക്വിറ്റി സ്ഥാപന തലവന്‍ മാര്‍ക് റോവന്‍, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും ബോര്‍ഡിലുണ്ട്. ഗാസയുടെ സ്ഥിരതയും ദീര്‍ഘകാല പുരോഗതിയും ഉറപ്പാക്കുന്നതിന് നിര്‍ണായകമായ മേഖലകള്‍ ഓരോ അംഗത്തിനും ഏല്‍പ്പിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അടുത്ത ആഴ്ചകളില്‍ കൂടുതല്‍ അംഗങ്ങളെ പ്രഖ്യാപിക്കും.

ഇതോടൊപ്പം, യുദ്ധാനന്തര ഗാസയുടെ ദൈനംദിന ഭരണത്തിനായി 15 അംഗങ്ങളടങ്ങിയ പലസ്തീന്‍ സാങ്കേതിക സമിതിയും രൂപീകരിച്ചു. 'നാഷണല്‍ കമ്മിറ്റി ഫോര്‍ ദ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ' (NCAG) എന്ന ഈ സമിതിയുടെ തലവനായി മുന്‍ പലസ്തീന്‍ അതോറിറ്റി ഉപമന്ത്രി അലി ഷാത്തിനെ നിയമിച്ചു. മുന്‍ ഐക്യരാഷ്ട്ര സഭ മിഡില്‍ ഈസ്റ്റ് ദൂതന്‍ നിക്കോളായ് മ്ലാദനോവ് ഗാസയിലെ ബോര്‍ഡ് പ്രതിനിധിയായി പ്രവര്‍ത്തിക്കും.

ഗാസയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര സ്ഥിരത സേന (ISF) വിന്യസിക്കുമെന്നും, പലസ്തീന്‍ പോലീസ് സേനയെ പരിശീലിപ്പിക്കുന്നതിന് യുഎസ് മേജര്‍ ജനറല്‍ ജാസ്പര്‍ ജെഫേഴ്‌സിന് ചുമതല നല്‍കിയതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന യുഎസ് സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ വെടിനിര്‍ത്തല്‍, ബന്ദി-തടവുകാരുടെ കൈമാറ്റം, ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍വലിക്കല്‍, മാനവിക സഹായ വര്‍ധന എന്നിവ നടപ്പാക്കി. രണ്ടാംഘട്ടത്തില്‍ ഗാസയുടെ പുനര്‍നിര്‍മാണവും പൂര്‍ണ ആയുധനിരോധനവും ലക്ഷ്യമിടുന്നതായി വിറ്റ്‌കോഫ് പറഞ്ഞു.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമാണെന്ന് വിലയിരുത്തപ്പെടുന്നു. കരാര്‍ നിലവില്‍ വന്നതിനുശേഷം ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഏകദേശം 450 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം, പലസ്തീന്‍ ആക്രമണങ്ങളില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഗാസയിലെ മാനവിക സാഹചര്യം ഗുരുതരമാണെന്നും, അത്യാവശ്യ സാധനങ്ങളുടെ തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കി.