വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയെന്നു കോടതി കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ ഗേറ്റ്സ് ഫൗണ്ടേഷന്റെ ജീവനക്കാരോട് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എപ്സ്റ്റീനുമായുള്ള അടുപ്പത്തിലൂടെ രണ്ട് റഷ്യന്‍ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നെന്നു ഗേറ്റ്സ് സമ്മതിച്ചതായിട്ടാണ് ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ച ദി വാള്‍സ്ട്രീറ്റ് ജേണലിന്റെ എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. എപ്സ്റ്റീനോടൊപ്പം സമയം ചെലവഴിച്ചതും അദ്ദേഹത്തെ ഗേറ്റ്സ് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവുകളുമായുള്ള കൂടിക്കാഴ്ചകളില്‍ ഉള്‍പ്പെടുത്തിയതും വലിയ തെറ്റായിരുന്നെന്നു ഗേറ്റ്സ് സമ്മതിച്ചു.
2011ലാണ് എപ്സ്റ്റീനെ കണ്ടുമുട്ടിയതെന്നു പറഞ്ഞ ഗേറ്റ്സ് എപ്സ്റ്റീന്റെ പശ്ചാത്തലം ശരിയായ പരിശോധിക്കുന്നതില്‍ തനിക്ക് വീഴ്ച സംഭവിച്ചതായി പറഞ്ഞു. എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ 2013ല്‍ ഭാര്യ മെലിന്‍ഡ ആശങ്ക ഉന്നയിച്ചിരുന്നെന്നും ഗേറ്റ്സ് പറഞ്ഞു. മെലിന്‍ഡ 2021ല്‍ ഗേറ്റ്സുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. 27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്.
