'ബിബി, സൂക്ഷിക്കണം; ഇല്ലെങ്കിൽ ഒറ്റയ്ക്കാകും': നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

'ബിബി, സൂക്ഷിക്കണം; ഇല്ലെങ്കിൽ ഒറ്റയ്ക്കാകും': നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്


വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമാക്കരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. യുദ്ധം വീണ്ടും ആരംഭിച്ചാൽ ഇസ്രയേൽ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകാമെന്നും ട്രംപ് വ്യക്തമാക്കി.

'ബിബി, സൂക്ഷിക്കണം. അല്ലെങ്കിൽ ഉടൻ തന്നെ നിങ്ങൾ ഒറ്റയ്ക്കാകും,' എന്നാണ് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതെന്ന് അമേരിക്കൻ മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.

ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ ഇടപെടണമെന്ന് മേഖലയിലെ അഞ്ച് രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ പുരോഗമിക്കുന്ന കരാറിനെ ഈ രാജ്യങ്ങൾ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെ ഇറാൻ അമേരിക്കയെ ബന്ധപ്പെട്ട് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഇസ്രയേലിനെയും അതിന് പ്രേരിപ്പിക്കണമെന്നും അറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. 'ഇനി ആക്രമണമുണ്ടാകില്ലെന്ന് അവർ പറഞ്ഞു. ഇസ്രയേലിനോടും അതുതന്നെ പറയണമെന്ന് ആവശ്യപ്പെട്ടു,' ട്രംപ് പറഞ്ഞു.

ഞായറാഴ്ച ഇസ്രയേൽ ഇറാനെതിരെ നടത്താനിരുന്ന വലിയ ആക്രമണം തന്റെ ഇടപെടലിലൂടെയാണ് പരിമിതപ്പെടുത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു. ആക്രമണത്തിനായി ഇസ്രയേൽ സൈന്യം ഇതിനകം പുറപ്പെട്ടിരുന്നുവെങ്കിലും പിന്നീട് നടപടി നിയന്ത്രിച്ചതായും അദ്ദേഹം പറഞ്ഞു.

ഇറാനുമായി അമേരിക്കയ്ക്ക് ഉടൻ ധാരണയിലെത്താൻ കഴിയുമെന്ന പ്രതീക്ഷയും ട്രംപ് പ്രകടിപ്പിച്ചു. 'ഇറാന് ആണവായുധം ലഭിക്കുന്നത് തടയുകയും യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുകയും ചെയ്യുന്ന മികച്ച കരാറായിരിക്കും അത്. ഞങ്ങൾ ആഗ്രഹിച്ചതെല്ലാം ലഭിക്കുകയാണ്,' ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ തള്ളി. അമേരിക്കയുമായി ചർച്ചകളിൽ ധാരണയായ കാര്യങ്ങളല്ല ട്രംപ് പൊതുവേദിയിൽ പറയുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഗർ ഖാലിഫാഫ് പ്രതികരിച്ചു. അമേരിക്കയെ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തിന് തുടക്കമായത് ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തോടെയായിരുന്നു. തുടർന്ന് ഇറാൻ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. അതിന് പിന്നാലെ തിങ്കളാഴ്ച പുലർച്ചെ ഇസ്രയേൽ ഇറാനിലെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, മിസൈൽ നിർമാണ ശാലകൾ, പെട്രോകെമിക്കൽ പ്ലാന്റുകൾ എന്നിവ ലക്ഷ്യമാക്കി തിരിച്ചടിച്ചു.

അമേരിക്കയുടെ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ പിന്നീട് ഇരുരാജ്യങ്ങളും വ്യവസ്ഥകളോടെയുള്ള വെടിനിർത്തലിന് സമ്മതിച്ചു. ഇറാൻ ആക്രമണങ്ങൾ നിർത്തിയതായും നെതന്യാഹു തുടർസൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഭാവിയിൽ ഇറാനിൽ നിന്ന് വീണ്ടും ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.