'ഭാരതത്തിന്റെ ഭാവിക്കെതിരായ ഭീഷണി': ബലൂചിസ്ഥാനില്‍ ചൈനീസ് സൈന്യ വിന്യാസ സാധ്യതയെന്ന് ബലൂച് നേതാവിന്റെ മുന്നറിയിപ്പ്

'ഭാരതത്തിന്റെ ഭാവിക്കെതിരായ ഭീഷണി': ബലൂചിസ്ഥാനില്‍ ചൈനീസ് സൈന്യ വിന്യാസ സാധ്യതയെന്ന് ബലൂച് നേതാവിന്റെ മുന്നറിയിപ്പ്


ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ചൈനീസ് സൈന്യത്തെ വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്ന് ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് അയച്ച തുറന്ന കത്തിലൂടെയാണ് അദ്ദേഹം ഈ ആശങ്ക അറിയിച്ചത്. ചൈന-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ ആഴപ്പെടുന്നത് മേഖലക്കും ബലൂച് ജനതയ്ക്കും നേരെയുള്ള ഗുരുതര ഭീഷണിയാണെന്ന് കത്തില്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ എക്‌സില്‍ പ്രസിദ്ധീകരിച്ച കത്തില്‍, പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ ബലൂചിസ്ഥാന്‍ കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിച്ചുവെന്നാണ് മിര്‍ യാര്‍ ബലൂചിന്റെ ആരോപണം. 79 വര്‍ഷമായി തുടരുന്ന 'രാജ്യ അധിനിവേശവും സംസ്ഥാന പിന്തുണയുള്ള ഭീകരതയും' അവസാനിപ്പിക്കേണ്ട സമയമായെന്നും, സ്ഥിരമായ സമാധാനവും പരമാധികാരവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തിലെ പ്രധാന ആശങ്ക ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതിയെക്കുറിച്ചാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി ബലൂചിസ്ഥാനിലൂടെ കടന്നുപോകുന്ന CPEC അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും, അതിന്റെ പേരില്‍ ബലൂച് മണ്ണിലേക്ക് ചൈനീസ് സൈന്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്നും മിര്‍ യാര്‍ ബലൂച് ചൂണ്ടിക്കാട്ടി. ബലൂചിസ്ഥാനിലെ പ്രതിരോധ-സ്വാതന്ത്ര്യ സേനകള്‍ക്ക് വേണ്ട പിന്തുണ ലഭിക്കാതെ തുടരുകയാണെങ്കില്‍, അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചൈന സൈന്യത്തെ വിന്യസിച്ചേക്കാമെന്നതാണ് കത്തിലെ മുന്നറിയിപ്പ്. 60 ദശലക്ഷം ബലൂച് ജനതയുടെ സമ്മതമില്ലാതെ ചൈനീസ് സൈന്യം ബലൂചിസ്ഥാനില്‍ കാലുകുത്തിയാല്‍, അത് ബലൂചിസ്ഥാനിനെയും ഭാരതത്തെയും ഒരുപോലെ 'അചിന്ത്യമായ ഭീഷണിയിലേക്കാണ്' നയിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

CPECയ്ക്ക് സൈനിക ലക്ഷ്യമില്ലെന്നും അത് ശുദ്ധമായ സാമ്പത്തിക പദ്ധതിയാണെന്നും ചൈനയും പാകിസ്ഥാനും ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും, പാകിസ്ഥാന്‍ അധീന ജമ്മു-കശ്മീരിലൂടെ പദ്ധതി കടന്നുപോകുന്നതിനാല്‍ ഇന്ത്യ തുടക്കംമുതല്‍ അതിനെ എതിര്‍ക്കുന്നുണ്ട്.  പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും പാകിസ്ഥാന്‍ അധീന കശ്മീരിലും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപടികളെയും മിര്‍ യാര്‍ ബലൂച് കത്തില്‍ അഭിനന്ദിച്ചു. അത് പ്രാദേശിക സുരക്ഷയോടും നീതിയോടുമുള്ള ഇന്ത്യയുടെ 'ഉദാത്ത ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും' തെളിവാണെന്നും അദ്ദേഹം പറഞ്ഞു.