ബീജിങ്: ചൈനീസ് കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് നിരവധി സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ ചൈന ശക്തമായി വിമര്‍ശിച്ചു. പ്രമുഖ സാങ്കേതിക കമ്പനികളായ ആലിബാബയെയും ബൈഡുവിനെയും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് (പെന്റഗണ്‍) പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ബീജിങ്ങിന്റെ പ്രതികരണം.
ദേശീയ സുരക്ഷ എന്ന ആശയത്തെ പൊതുവായി വ്യാപിപ്പിച്ചും ചൈനീസ് കമ്പനികളെ യുക്തിരഹിതമായി അടിച്ചമര്‍ത്തിയും പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ നടപടികളെ ചൈന സ്ഥിരമായും ശക്തമായും എതിര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം തെറ്റായ നടപടികള്‍ തിരുത്താന്‍ വാഷിങ്ടണ്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ബീജിങ്ങില്‍ കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധങ്ങളില്‍ സ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ആഴ്ചകള്‍ക്കകമാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഷി ജിന്‍പിങിനെ സെപ്റ്റംബറില്‍ വാഷിങ്ടണിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ കരിമ്പട്ടിക നടപടി ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പുതുക്കിയ പട്ടിക ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചുരുങ്ങിയ സമയത്തേക്ക് പ്രസിദ്ധീകരിച്ച ശേഷം വിശദീകരണമൊന്നുമില്ലാതെ പിന്‍വലിച്ചിരുന്ന പട്ടികയോട് ഏറെ സാമ്യമുള്ളതാണ്. എന്നാല്‍ അന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്ന രണ്ട് മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളെ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാങ്സിന്‍ മെമ്മറി ടെക്നോളജീസും യാങ്സി മെമ്മറി ടെക്നോളജീസുമാണ് പുതുതായി ഉള്‍പ്പെടുത്തിയ കമ്പനികള്‍.
ചൈനീസ് സൈനിക കമ്പനികളുടെ ഈ പുതുക്കിയ പട്ടിക അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അമേരിക്കന്‍ ജനതയ്ക്കുമുള്ള മുന്നറിയിപ്പാണെന്ന് ചൈനയെ കുറിച്ചുള്ള യു എസ് ഹൗസ് സെലക്ട് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ അധ്യക്ഷന്‍ ജോണ്‍ മൂലെനാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സ്ഥാപനങ്ങളുമായുള്ള വ്യാപാരബന്ധം അമേരിക്കന്‍ കമ്പനികള്‍ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം ചൈനയുടെ സൈനിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചൈനയിലെ പ്രധാന കമ്പനികളായ ആലിബാബ, ബൈഡു, ടെന്‍സെന്റ് എന്നിവയും ലക്ഷ്യമിട്ട സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
അതേസമയം, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ആണെന്ന് ബൈഡു പ്രതികരിച്ചു. 'ബെഡുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വിശ്വസനീയമായ യാതൊരു ന്യായീകരണവും ഇല്ലെന്നും ബൈഡു സൈനിക കമ്പനിയാണെന്ന ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കമ്പനിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള എല്ലാ നിയമപരമായ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ബൈഡു വക്താവ് ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ആലിബാബയും തങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി തെറ്റാണെന്ന് വിശേഷിപ്പിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ആലിബാബ ഗ്രൂപ്പിനെ ചൈനീസ് സൈനിക കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ആലിബാബ ഒരു ചൈനീസ് സൈനിക കമ്പനിയല്ലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്ക- ചൈന വ്യാപാര, സാങ്കേതിക ബന്ധങ്ങളില്‍ പുതിയ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഈ നടപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.
