ക്രാന്‍സ്-മോണ്ടാന: പുതുവത്സര ദിനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രാന്‍സ്-മോണ്ടാനയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ മരിച്ച സംഭവത്തില്‍ ബാറിന്റെ സഹഉടമയുടെ കസ്റ്റഡി മൂന്ന് മാസത്തേക്ക് നീട്ടാന്‍ കോടതി ഉത്തരവിട്ടു. ലെ കോണ്‍സ്റ്റലേഷന്‍ ബാറിന്റെ സഹഉടമയായ ജാക്സ് മൊറെട്ടിയെ മൂന്ന് മാസത്തേക്ക് കസ്റ്റഡിയില്‍ വെക്കാന്‍ തീരുമാനിച്ചതായി കോടതി അറിയിച്ചു. തുടര്‍പരിശോധനയ്ക്ക് വിധേയമായിരിക്കും കസ്റ്റഡി കാലാവധി.
വാലെയ്സ് കാന്റണിലെ പ്രോസിക്യൂട്ടര്‍മാര്‍ മൊറെട്ടിയേയും ഭാര്യയും സഹഉടമയുമായ ജെസിക്കയേയും ചോദ്യം ചെയ്തതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തീപിടിത്തത്തില്‍ തങ്ങള്‍ക്ക് കടുത്ത ദുഃഖമുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ദമ്പതികള്‍ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് നല്‍കിയ മൊഴിയില്‍, ബാറിലെ സര്‍വീസ് ഡോര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് മൊറെട്ടി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തീപിടിത്തത്തിന് തൊട്ടുപിന്നാലെയാണ് പൂട്ടിയിരുന്ന വാതിലിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ ശേഷം വാതില്‍ ബലം പ്രയോഗിച്ച് തുറന്നുവെന്നും വാതില്‍ തുറന്നപ്പോള്‍ അതിന് പിന്നില്‍ നിരവധി ആളുകള്‍ കിടന്നിരുന്നതായി കണ്ടുവെന്നും ഫ്രഞ്ച്, സ്വിസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച പൊലീസ് റിപ്പോര്‍ട്ടുകളുടെ ഭാഗങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ ക്രാന്‍സ്-മോണ്ടാനയില്‍ ജനുവരി 1 വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് തീപിടിത്തം നടന്നത്. ഭൂഗര്‍ഭത്തിലുള്ള നൈറ്റ്ക്ലബ്ബായ ലെ കോണ്‍സ്റ്റലേഷന്‍ എന്ന ബാറില്‍ പുതുവത്സരാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ കുറഞ്ഞത് 40 പേര്‍ മരിക്കുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
