അസുന്‍സിയോണ്‍: രാജ്യത്തെ വന്‍ ബാങ്കിങ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് സാന്റിയാഗോ പെനയെ ഇംപീച്ച് ചെയ്തതിനെത്തുടര്‍ന്ന് മുന്‍ വൈസ് പ്രസിഡന്റ് പെഡ്രോ അല്ലിയാന പരാഗ്വേയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ബാങ്കിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലെ പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.
ബാങ്കിംഗ് പ്രതിസന്ധിയുമായി ബന്ധമുണ്ടായിരുന്ന പെനയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടികള്‍ക്ക് പിന്നാലെ വെള്ളിയാഴ്ചയാണ് സെനറ്റ് അല്ലിയാനയെ പ്രസിഡന്റായി നിയമിച്ചത്. 45 അംഗ സെനറ്റില്‍ 44 പേരും പെനയെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരംഗം ഹാജരായിരുന്നില്ല. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം സെനറ്റ് പ്രസിഡന്റ് ബസിലിയോ ന്യൂനസ് പെനയ്‌ക്കെതിരെ പ്രഖ്യാപിച്ചു.
ഇംപീച്ച്മെന്റ് വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ലമെന്റിന് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ ആഹ്ലാദപ്രകടനം നടത്തി. 'നീതി നടപ്പായി. ഇനി ഞങ്ങളുടെ പണം തിരികെ നല്‍കുകയും ജയിലില്‍ പോകുകയും വേണം' എന്നായിരുന്നു 32കാരിയായ ജെസിക്ക അക്വിനോയുടെ പ്രതികരണം.
ഇംപീച്ച്മെന്റിന് പിന്നാലെ മുന്‍ പ്രസിഡന്റിനെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി. വിശ്വാസവഞ്ചന, സ്വാധീനം ഉപയോഗിച്ച് അനധികൃത നേട്ടമുണ്ടാക്കല്‍, ഫണ്ട് ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ശനിയാഴ്ച പെനയെ ചോദ്യം ചെയ്യുമെന്ന് പ്രോസിക്യൂട്ടര്‍ സില്‍വിയ മാര്‍ഗരിറ്റ ഗോണ്‍സാലസ് വെസ്റ്റര്‍ അറിയിച്ചു.
യൂനോ ബാങ്കിന്റെ പ്രതിസന്ധിയെത്തുടര്‍ന്ന് നിക്ഷേപം നഷ്ടപ്പെടുമെന്ന ആശങ്കയിലായ ഏകദേശം 30 ലക്ഷം നിക്ഷേപകരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് പുതിയ പ്രസിഡന്റ് അല്ലിയാന ഉറപ്പുനല്‍കി. പെന്‍ഷന്‍കാരും പ്രതിസന്ധിയുടെ ഇരകളാണ്.
'സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന പൗരന്മാര്‍ക്ക് അവരുടെ പണം പൂര്‍ണമായി തിരികെ ലഭ്യമാക്കും' എന്ന് അല്ലിയാന പ്രഖ്യാപിച്ചു. 2028 വരെയാണ് അദ്ദേഹത്തിന്റെ പ്രസിഡന്റിന്റെ കാലാവധി. അതേസമയം, പ്രതിസന്ധിയില്‍ അല്ലിയാനയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നെങ്കിലും പാര്‍ലമെന്റിന്റെ അംഗീകാരം നേടാനായില്ല.
നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിത്തുടങ്ങി
യൂനോ ബാങ്കിന്റെ തകര്‍ച്ച രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കയുടെ പിന്തുണയുള്ള പ്രസിഡന്റ് പെനയ്‌ക്കെതിരെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം വരെ യൂനോ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രുപ്പോ വാസ്‌ക്വസ് കമ്പനിയില്‍ പെനയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.
പ്രതിസന്ധിയില്‍പ്പെട്ട ചില നിക്ഷേപകര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിത്തുടങ്ങിയതായി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആദ്യഘട്ട വിതരണം ആരംഭിച്ചത്. വായ്പാ കുടിശ്ശികയില്ലാത്തവരും പരാഗ്വേയിലെ മറ്റൊരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ അക്കൗണ്ടുള്ളവരുമായ നിക്ഷേപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഏകദേശം 1,600 ഡോളര്‍ വരെ നല്‍കുക.
മറ്റുള്ളവര്‍ക്ക് പണം നല്‍കുന്ന നടപടികളുടെ സമയക്രമം പിന്നീട് ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് പ്രതിനിധി ജോസ് മസീല്‍ അറിയിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ രാജിവെക്കാമെന്ന് പെന അറിയിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന് ലഭിച്ചിരുന്ന രാഷ്ട്രീയ നിയമപരിരക്ഷയും നഷ്ടമായി.
യൂനോ ബാങ്കിന്റെ മേല്‍നോട്ടം, പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍, ബാങ്കില്‍ പൊതുപണം നിക്ഷേപിച്ചത് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ പ്രസിഡന്റിനെതിരെ അന്വേഷണം നടക്കുന്നതായി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് എക്‌സിലൂടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത പെന, സ്ഥാപനങ്ങളെ പുനര്‍നിര്‍മിക്കാനും ജനവിശ്വാസം വീണ്ടെടുക്കാനും പരാഗ്വേ ജനത ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. വെള്ളിയാഴ്ച പരാഗ്വേയിലെ അമേരിക്കന്‍ എംബസി ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെങ്കിലും പ്രസിഡന്റിനെക്കുറിച്ച് പരാമര്‍ശിച്ചില്ല.
'പെനയെ ജയിലിലടയ്ക്കുക' എന്ന മുദ്രാവാക്യങ്ങളുമായാണ് വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് മുന്നിലെത്തിയത്. അസുന്‍സിയോണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം രാത്രിയിലും വ്യാഴാഴ്ച ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'യൂനോ ബാങ്കില്‍ സമ്പാദ്യം നിക്ഷേപിച്ചിരുന്ന എന്റെ മകന്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങളെയും ചെറുകിട വ്യാപാരികളെയും പെനയുടെ നടപടികള്‍ ബാധിച്ചു' എന്ന് തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ സിന്ത്യ ഫറീന എ എഫ്പിയോട് പറഞ്ഞു.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ചെറുകിട ഫിന്‍ടെക് സ്ഥാപനമായാണ് യൂനോ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു തുടക്കം. പിന്നീട് വലിയ ബാങ്കായി വളര്‍ന്ന സ്ഥാപനം സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന നിലയിലെത്തി.
ബാങ്കിംഗ് വിവാദത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് കാര്‍ലോസ് കാര്‍വാലോയും ആഭ്യന്തരമന്ത്രി എന്റിക് റിയേരയും സ്ഥാനമൊഴിഞ്ഞു. യൂനോ ബാങ്കിലെ എട്ട് ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രുപ്പോ വാസ്‌ക്വസുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും പൊലീസ് പരിശോധനയും നടത്തി.
പ്രതിസന്ധിയുടെ ആഘാതം അയല്‍രാജ്യമായ അര്‍ജന്റീനയിലേക്കും വ്യാപിച്ചു. ഗ്രുപ്പോ വാസ്‌ക്വസിന്റെ ഭാഗമായ സാങ്കേതികവിദ്യാ സ്ഥാപനമായ ഐ ടി ടി ഐയിലെ ഏകദേശം 1,000 ജീവനക്കാരെ ശമ്പളമില്ലാതെ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ഫുട്‌ബോള്‍ മേഖലയെയും ബാങ്കിംഗ് പ്രതിസന്ധി ബാധിച്ചു. പരാഗ്വേയിലെ ഒന്നാം ഡിവിഷനിലെ നിരവധി ക്ലബ്ബുകള്‍ക്കും ദേശീയ ടീമിനും യൂനോ ബാങ്ക് സ്‌പോണ്‍സറായിരുന്നു. 'ഈ സാഹചര്യത്തിന്റെ ഇരകള്‍ ഞങ്ങളും കൂടിയാണ്' എന്ന് ദേശീയ ഫുട്‌ബോള്‍ ടീം എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
