ധാക്ക : ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും പ്രമുഖ പ്രതിപക്ഷ നേതാവുമായ ഖാലിദ സിയ (80) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ചയാണ് അന്തരിച്ചതെന്ന് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അറിയിച്ചു. റോയിറ്റേഴ്‌സും പ്രാദേശിക മാധ്യമമായ ദ ഡെയിലി സ്റ്റാര്‍-ഉം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
അഡ്വാന്‍സ്ഡ് ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം, നെഞ്ചും ഹൃദയവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഖാലിദ സിയയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
1991ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ഖാലിദ സിയ ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നേതാവാണ്. രണ്ട് തവണ പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ച അവര്‍, ബിഎന്‍പിയുടെ അധ്യക്ഷയെന്ന നിലയില്‍ ദീര്‍ഘകാലം രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. മുന്‍ പ്രസിഡന്റ് സിയൗര്‍ റഹ്മാന്റെ ഭാര്യയായിരുന്നു ഖാലിദ സിയ.
ഖാലിദ സിയയുടെ നിര്യാണത്തോടെ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഒരു ശക്തമായ അധ്യായമാണ് അവസാനിക്കുന്നത്.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
