മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പിന്തുടര്‍ന്നു; ബംഗ്ലാദേശില്‍ കനാലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദു യുവാവ് മരിച്ചു

മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പിന്തുടര്‍ന്നു; ബംഗ്ലാദേശില്‍ കനാലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദു യുവാവ് മരിച്ചു


ധാക്ക: ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു ഹിന്ദു യുവാവിന്റെ ജീവന്‍ കൂടി നഷ്ടമായി. നവഗാവ് ജില്ലയിലെ മഹാദേബപുരില്‍ ഭണ്ഡാര്‍പുര്‍ സ്വദേശിയായ മിഥുന്‍ സര്‍ക്കാര്‍ (25) ആണ് മരിച്ചത്.

മോഷ്ടാവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികളടങ്ങുന്ന ആള്‍ക്കൂട്ടം ഇയാളെ പിന്തുടര്‍ന്നതായി പൊലീസ് അറിയിച്ചു. പിന്തുടര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഥുന്‍ സമീപത്തെ കനാലിലേക്ക് ചാടിയത്. പിന്നീട് മൃതദേഹം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

ഇയാള്‍ മോഷണം നടത്തിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ടം ഇയാളെ പിടികൂടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കനാലിലേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മിഥുന്‍ സര്‍ക്കാര്‍ എന്ന നിലയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതെന്ന് നവഗാവ് എസ്പി മുഹമ്മദ് താരിഖുല്‍ ഇസ്ലാം പറഞ്ഞു. 'മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം പിന്തുടര്‍ന്നതോടെ അദ്ദേഹം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഫയര്‍ സര്‍വീസിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ സമീപകാലത്ത് ഹിന്ദു സമൂഹത്തിനെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച നര്‍സിങ്ഡി നഗരത്തില്‍ ഒരു ദിനപത്ര എഡിറ്ററും ബിസിനസുകാരനുമായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതേ ദിവസം തന്നെ ഒരു ചെറുകിട വ്യാപാരിയെയും ആള്‍ക്കൂട്ടം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി.

ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ശരിയത്പുര്‍ ജില്ലയില്‍ ഖൊകോണ്‍ ചന്ദ്രദാസ് എന്ന അമ്പതുകാരനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലും രണ്ട് ഹിന്ദുക്കള്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.