ഹാദി വധം: ബംഗ്ലാദേശില്‍ കലാപം; പൊതുതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് യൂനുസ്

ഹാദി വധം: ബംഗ്ലാദേശില്‍ കലാപം; പൊതുതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് യൂനുസ്


ധാക്ക: യുവ നേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് ശക്തമായ അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, നിശ്ചയിച്ച സമയത്ത് തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനുസ് ആവര്‍ത്തിച്ചു. ഡിസംബര്‍ 22ന് യുഎസ് സ്‌പെഷ്യല്‍ എന്‍വോയ് സെര്‍ജിയോ ഗോറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രതിബദ്ധത യൂനുസ് അറിയിച്ചത്.

'തെരഞ്ഞെടുപ്പിന് ഇനി ഏകദേശം 50 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വവും സമാധാനപരവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താനാണ് ഞങ്ങളുടെ ലക്ഷ്യം. അത് മാതൃകാപരമാക്കാന്‍ ആഗ്രഹിക്കുന്നു,' യൂനുസ് പറഞ്ഞു. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ സൂചിപ്പിച്ച്, 'സ്വേച്ഛാധിപത്യ ഭരണകൂടം മോഷ്ടിച്ച ജനങ്ങളുടെ വോട്ടവകാശം തിരികെ ലഭിക്കാന്‍ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ബംഗ്ലാദേശ്-യുഎസ് വ്യാപാര, തീരുവ ചര്‍ച്ചകള്‍, രാജ്യത്തിന്റെ ജനാധിപത്യപരമായ മാറ്റം, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്, ഹാദിയുടെ കൊലപാതകം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിഗണിച്ചതെന്ന് യൂനുസിന്റെ ഓഫീസ് എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഡിസംബര്‍ 18ന് പരിക്കുകളേറ്റ് ഹാദി മരിച്ചതിന് പിന്നാലെ രാജ്യത്ത് വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മാധ്യമ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ വസതിയുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി.

ഇതിനിടെ, ഹാദിയെ വെടിവെച്ച കേസിലെ മുഖ്യപ്രതി ഫൈസല്‍ കരീം ആക്രമണത്തിന് മുന്‍പ് തന്റെ സുഹൃത്തിനോട് 'മുഴുവന്‍ ബംഗ്ലാദേശിനെയും നടുക്കുന്ന സംഭവം നടക്കും' എന്ന് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. മണിക്കൂറുകള്‍ക്കകം ഫൈസല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ധാക്കയില്‍ പകല്‍വെളിച്ചത്തില്‍ ഹാദിയെ വെടിവെക്കുകയായിരുന്നു.