ഷെയ്ഖ് ഹസീനയെ സ്വാഗതം ചെയ്യുന്നുവെന്നും വിചാരണ നേരിടണമെന്നും ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയെ സ്വാഗതം ചെയ്യുന്നുവെന്നും വിചാരണ നേരിടണമെന്നും ബംഗ്ലാദേശ്


ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തി നിയമനടപടികള്‍ നേരിടണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ നയിക്കുന്ന സര്‍ക്കാരിന്റെ ഉപദേഷ്ടാവ് സഹേദ് ഉര്‍ റഹ്മാന്‍ പറഞ്ഞു. ഹസീന മടങ്ങിയെത്തുകയാണെങ്കില്‍ സര്‍ക്കാര്‍ അവരെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഹേദ് ഉര്‍ റഹ്മാന്‍ ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ് ഹസീനയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ മടങ്ങിയെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ പോലും അവര്‍ക്ക് ഹാജരാക്കാമെന്നും നിയമനടപടികള്‍ നേരിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷാവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി ഷെയ്ഖ് ഹസീന അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രതികരണം.

2024 ഓഗസ്റ്റ് 5-ന് വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താകുകയും രാജ്യം വിടുകയും ചെയ്തത്. തുടര്‍ന്ന് അവര്‍ ഇന്ത്യയിലാണ് താമസിക്കുന്നത്.

2024 ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ ഉത്തരവിട്ടെന്നത് ഉള്‍പ്പെടെയുള്ള  കുറ്റങ്ങള്‍ ചുമത്തി ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഹസീനയെ കുറ്റക്കാരിയാക്കി അസാന്നിധ്യത്തില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഹസീന അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ 2025 മേയില്‍ ഭീകരവിരുദ്ധ നിയമപ്രകാരം അവാമി ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കല്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.