ന്യൂഡല്‍ഹി: ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുള്ളയും ഇന്ത്യയുടെ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യ- ബംഗ്ലാദേശ് പ്രതിരോധ സഹകരണത്തെ കുറിച്ച് ചര്‍ച്ച നടത്തി. ബംഗ്ലാദേശില്‍ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുള്ള വഴിത്തിരിവാണ് കൂടിക്കാഴ്ച അടയാളപ്പെടുത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലേക്കുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്നതിനാല്‍ ഈ കൂടിക്കാഴ്ച കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കീഴില്‍ പാകിസ്ഥാന്‍ സൈന്യം ബംഗ്ലാദേശില്‍ കാലുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇസ്ലാമാബാദില്‍ നിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ധാക്ക സന്ദര്‍ശിച്ചു. യൂനുസ് തന്റെ ഒന്നര വര്‍ഷത്തെ ഭരണകാലത്ത് ഇന്ത്യയെ ആവര്‍ത്തിച്ച് പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറക്കമുണ്ടായിരുന്നു.
ബംഗ്ലാദേശ് ആദ്യം എന്ന നയത്തില്‍ റഹ്മാന് കീഴില്‍ ന്യൂഡല്‍ഹിയും ധാക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ബിബിഐഎന്‍ (ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍) മേഖലയുടെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും കാര്യത്തില്‍ ഇരു രാജ്യങ്ങളും പൊതുവായ സുരക്ഷാ ലക്ഷ്യങ്ങള്‍ പങ്കിടുന്നുണ്ട്.
പ്രവാസ ജീവിതത്തില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം റഹ്മാന്‍ ഇസ്ലാമാബാദില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്. മാര്‍ച്ച് 25ന് ബംഗ്ലാദേശ് വംശഹത്യ ദിനം ആചരിച്ചപ്പോള്‍ 1971ലെ പാകിസ്ഥാന്‍ സൈനിക ആക്രമണത്തെ 'ഏറ്റവും ഹീനമായ വംശഹത്യകളില്‍ ഒന്നായി' പ്രധാനമന്ത്രി അപലപിച്ചു.
ഇന്ത്യയും ബംഗ്ലാദേശും പൊതുവായ സമുദ്ര, ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങള്‍ പരിഗണിക്കുന്നതിനാല്‍ വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ നിന്ന് ആരംഭിച്ച ഐഒഎസ് സാഗര്‍ അഭ്യാസത്തില്‍ ധാക്ക പങ്കെടുത്തു.
