ധാക്ക: പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കുടുംബാംഗങ്ങള്‍, അവരുമായി ബന്ധപ്പെട്ട 10 പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുമായി ബന്ധമുള്ള 760 ബില്യണ്‍ ടാക്ക (ഏകദേശം 6.2 ബില്യണ്‍ യു എസ് ഡോളര്‍) മൂല്യമുള്ള സ്വത്തുക്കള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കണ്ടുകെട്ടി. ഹസീനയ്ക്കും അവാമി ലീഗിനുമെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്.
2024 ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്കൊടുവില്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും അവര്‍ ഇന്ത്യയിലേക്ക് അഭയം തേടുകയും ചെയ്തിരുന്നു.
ഈ വര്‍ഷാവസാനത്തോടെ ധാക്കയിലേക്ക് മടങ്ങിവരുമെന്ന് ഷെയ്ഖ് ഹസീന അടുത്തിടെ സൂചന നല്‍കിയിരുന്നു. ഇതിനോട് പ്രതികരിച്ച ബംഗ്ലാദേശ് സര്‍ക്കാര്‍, നിയമ നടപടികള്‍ നേരിടുന്നതിനായി ഹസീനയുടെ മടങ്ങിവരവ് സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി. 2024-ലെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയ സംഭവത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട കേസില്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍-1 ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ താരിഖ് റഹ്മാന്‍ നയിക്കുന്ന സര്‍ക്കാര്‍, 15 വര്‍ഷത്തെ ഭരണകാലത്ത് ഷെയ്ഖ് ഹസീന നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വന്‍സമ്പത്ത് സമ്പാദിക്കുകയും കുടുംബാംഗങ്ങള്‍ക്കും അവരുമായി ബന്ധമുള്ള ബിസിനസ് ഗ്രൂപ്പുകള്‍ക്കും അനുകൂലമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് ആരോപിക്കുന്നത്.
ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (ബി എഫ് ഐ യു) കണക്കുകള്‍ പ്രകാരം രാജ്യത്തിനകത്ത് 570 ബില്യണ്‍ ടാക്ക മൂല്യമുള്ള സ്വത്തുക്കളും വിദേശത്ത് 190 ബില്യണ്‍ ടാക്ക മൂല്യമുള്ള സ്വത്തുക്കളുമാണ് ഇതുവരെ കണ്ടുകെട്ടിയത്.
ഷെയ്ഖ് ഹസീനയെയും അവരുമായി ബന്ധപ്പെട്ടവരെയും കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി 98 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബി എഫ് ഐ യു മേധാവി ഇക്തിയാര്‍ മുഹമ്മദ് മാമുന്‍ അറിയിച്ചു. വിദേശത്തേക്ക് കടത്തിയ പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ അതുസംബന്ധിച്ച അനുകൂല വിവരങ്ങള്‍ പുറത്തുവിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഹസീന അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ, മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നയിച്ച ഇടക്കാല സര്‍ക്കാര്‍ അവാമി ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
2024 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പോയ ഷെയ്ഖ് ഹസീന ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. എന്നാല്‍ ഈ വര്‍ഷാവസാനത്തോടെ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് തന്റെ തീരുമാനമെന്ന് അവര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍ നിന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. അവര്‍ മടങ്ങിയെത്തിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടോ എന്ന കാര്യം കോടതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
