ധാക്ക: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുനഃക്രമീകരിക്കാനും പരസ്പര താത്പര്യങ്ങള്‍ അടിസ്ഥാനമാക്കി പുതിയ ബന്ധം കെട്ടിപ്പടുക്കാനും ബംഗ്ലാദേശ് ആഗ്രഹിക്കുന്നതായി വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീര്‍. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി 'സ്വേച്ഛാധിപത്യവും അഴിമതിയും ചൂഷണവും നിറഞ്ഞ' ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയുമായുള്ള ബന്ധം അസ്വസ്ഥമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'പുതിയൊരു ബന്ധത്തിലേക്ക് നീങ്ങാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി ബഹുരാഷ്ട്ര വേദികളിലൂടെയല്ല, ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് മുന്നോട്ടുപോകേണ്ടത്'- കബീര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയുമായി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പുതിയ ബന്ധം സ്ഥാപിക്കുകയാണ് ധാക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഉഭയകക്ഷി ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഹുരാഷ്ട്ര വേദിയുടെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചയേക്കാള്‍ ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യവുമായുള്ള ആദ്യ ഇടപെടല്‍ ഉഭയകക്ഷി സന്ദര്‍ശനത്തിലൂടെയാകുന്നതാണ് ഉചിതമെന്നും കബീര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയോടുള്ള 'അമിതമായ ആകര്‍ഷണത്തില്‍' നിന്ന് ബംഗ്ലാദേശ് പുറത്തുകടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെ തന്നെ ഒരു രാജ്യമാണെന്നും ഇന്ത്യയുമായി നല്ല ഉഭയകക്ഷി ബന്ധമാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും കബീര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയുമായുള്ള ബന്ധത്തെ മറ്റ് രാജ്യങ്ങളുമായുള്ള വിശാലമായ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഉഭയകക്ഷി സന്ദര്‍ശനം നടക്കേണ്ടതുണ്ടെന്നും കബീര്‍ പറഞ്ഞു. ബഹുരാഷ്ട്ര വേദിയിലെ പരിപാടിയുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പകരം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ വഷളായിരുന്നു. 2024 ഓഗസ്റ്റില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഹസീന ഇന്ത്യയിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള 101 കരാറുകള്‍ പുനഃപരിശോധിക്കുന്നുവെന്ന ചീഫ് വിപ്പിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് കരാറുകള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്തുവരികയാണെന്ന് കബീര്‍ പറഞ്ഞു. ഇക്കാര്യം ചീഫ് വിപ്പിന്റെ പരിധിയില്‍ വരുന്നതാണെന്നും അതേക്കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിനാകുമെന്നും കബീര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81-ാം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ സെപ്റ്റംബര്‍ 21ന് ധാക്കയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെടുമെന്ന് കബീര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26 വരെ അദ്ദേഹം ന്യൂയോര്‍ക്കില്‍ തുടരും.
പൊതുസഭാ സമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റഹ്മാന്‍ കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന് പ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചകള്‍ പലപ്പോഴും അവസാന നിമിഷത്തിലാണ് തീരുമാനിക്കപ്പെടുന്നതെന്ന് കബീര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, റോഹിങ്ക്യന്‍ വിഷയത്തില്‍ ഇത്തവണ പ്രത്യേക യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. മറ്റു ഉഭയകക്ഷി കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
