ധാക്ക: ബംഗ്ലാദേശിൽ ദേശീയ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് രാവിലെ 7.30ന് ആരംഭിച്ചു. 299 മണ്ഡലങ്ങളിലായി വൈകിട്ട് 4.30 വരെയാണ് പോളിംഗ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായതിനും ബിഎൻപി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മരണത്തിനും ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
ഏകദേശം 17 കോടി ജനസംഖ്യയുള്ള രാജ്യത്തിൽ 12.7 കോടി വോട്ടർമാർക്കാണ് ഇത്തവണ വോട്ട് ചെയ്യാനുള്ള അവകാശം. പാർലമെന്റിലെ സീറ്റുകൾക്കായി 1,981 സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. സമാധാന നൊബേൽ ജേതാവായ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അവാമി ലീഗ് പുറത്തേക്ക്, ബിഎൻപി മുന്നിൽ
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ രജിസ്‌ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതിനെ തുടർന്ന് പാർട്ടിക്ക് മത്സരിക്കാനാവില്ല. ഇതോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രധാന മുന്നണിയായി ഉയർന്നിരിക്കുകയാണ്. ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാനെയാണ് ബിഎൻപി പ്രധാന മുഖമായി മുന്നോട്ട് വെച്ചിരിക്കുന്നത്. 17 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഡിസംബറിൽ അദ്ദേഹം രാജ്യത്ത് മടങ്ങിയെത്തിയിരുന്നു. അധികാരം കിട്ടിയാൽ ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും നിയമാധിപത്യം പുനഃസ്ഥാപിക്കുകയും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഎൻപിക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത് ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിലുള്ള 11 കക്ഷികളുടെ കൂട്ടുമുന്നണിയാണ്. ഹസീനയുടെ ഭരണകാലത്ത് നിരോധിച്ചിരുന്ന ജമാഅത്തെ ഇസ്‌ലാമി വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്. 2024ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ജെൻ ഇസഡ് വിദ്യാർത്ഥി നേതാക്കൾ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിയും ഈ മുന്നണിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾ മൊത്തം വോട്ടർമാരിൽ ഏകദേശം നാലിൽ ഒന്നാണ്. 2024ലെ ജനപ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിച്ച യുവാക്കൾക്ക് ഇത് ആദ്യ യഥാർത്ഥ തെരഞ്ഞെടുപ്പാണെന്ന് നിരീക്ഷകർ പറയുന്നു. ഏകദേശം 50 ലക്ഷം പേർ ആദ്യമായാണ് വോട്ട് ചെയ്യുന്നത്. യുവ വോട്ടർമാരുടെ നിലപാട് ഫലത്തിൽ നിർണായകമാകുമെന്ന് ധാക്കയിലെ ഗവേണൻസ് സ്റ്റഡീസ് സെന്റർ ചൂണ്ടിക്കാട്ടുന്നു.
അഴിമതി, വിലക്കയറ്റം, സാമ്പത്തിക വികസനം, തൊഴിലവസരങ്ങൾ എന്നിവയാണ് വോട്ടർമാരുടെ പ്രധാന ആശങ്കകൾ. ജനുവരി മാസത്തിൽ പണപ്പെരുപ്പം 8.58 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്തെ ആഘാതത്തിന് ശേഷം കയറ്റുമതി അധിഷ്ഠിത വസ്ത്ര വ്യവസായം പൂർണ്ണമായി പുനരുജ്ജീവിച്ചിട്ടില്ല. യുവജനങ്ങൾക്ക് തൊഴിൽ സൃഷ്ടിക്കുക അടുത്ത സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കും.
ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീന, തന്റെ പാർട്ടിയെ മത്സരത്തിൽ നിന്ന് പുറത്താക്കിയതിനെ വിമർശിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കാത്ത പക്ഷം രാജ്യത്ത് ദീർഘകാല അസ്ഥിരത ഉണ്ടാകുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പിനൊപ്പം രാഷ്ട്രീയ പരിഷ്‌കരണങ്ങളെ കുറിച്ചുള്ള ഹിതപരിശോധനയും നടക്കും. പ്രധാനമന്ത്രിയുടെ കാലാവധി പരിമിതപ്പെടുത്തൽ, നിർവാഹക അധികാരങ്ങളിൽ നിയന്ത്രണം തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിൽ. 1971ൽ സ്വാതന്ത്ര്യം നേടിയ ശേഷം സൈനികഭരണവും അസ്ഥിര ജനാധിപത്യവും അനുഭവിച്ച ബംഗ്ലാദേശിന് ഈ തെരഞ്ഞെടുപ്പ് നിർണായക വഴിത്തിരിവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് യഥാർത്ഥ സ്ഥാപനപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ, അതോ പഴയ രാഷ്ട്രീയ സമവാക്യങ്ങൾ തുടരുകയോ എന്നത് വ്യക്തമാക്കുന്ന വിധിയാകും ഈ തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാവുക.
ഹസീനയെ പുറത്താക്കിയതിനും ഖാലിദ സിയയുടെ മരണത്തിനും ശേഷം ബംഗ്ലാദേശിലെ ആദ്യ വോട്ടെടുപ്പ് ആരംഭിച്ചു
