അയൽരാജ്യങ്ങളെ ആക്രമിക്കരുത്; ഇറാനോട് ഹമാസ് അഭ്യർഥന

അയൽരാജ്യങ്ങളെ ആക്രമിക്കരുത്; ഇറാനോട് ഹമാസ് അഭ്യർഥന


ലെബനൻ: പശ്ചിമേഷ്യയിലെ യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ അയൽരാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്താതിരിക്കാൻ ഇറാനോട് പലസ്തീൻ സംഘടനയായ ഹമാസ് അഭ്യർഥിച്ചു. എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും സംഘടന വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാൻ ഗൾഫ് മേഖലയിലെ ചില രാജ്യങ്ങൾ അവരുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചുവെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇതോടെ യുദ്ധം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനെയി കൊല്ലപ്പെട്ട സംഭവത്തെ ഹമാസ് ശക്തമായി അപലപിച്ചു. പലസ്തീൻ ജനതക്കും അവരുടെ പോരാട്ടത്തിനും ഖമേനെയി രാഷ്ട്രീയ, നയതന്ത്ര, സൈനിക പിന്തുണ നൽകിയിരുന്നുവെന്നും സംഘടന വ്യക്തമാക്കി.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ സംയുക്ത സൈനികാക്രമണം നടത്തി. അതിന് പിന്നാലെ ഇറാൻ ഇസ്രായേലിനെയും മേഖലയിൽ ഉള്ള അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി തിരിച്ചടികൾ നടത്തി.

ഇതിനിടെ ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലന്റിൽ  അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമൂസ് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെടുത്തുകയാണെങ്കിൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം ഗൾഫ് മേഖലയിലെ ദ്വീപുകൾ ആക്രമിക്കപ്പെടുകയാണെങ്കിൽ നിയന്ത്രണങ്ങൾ എല്ലാം ഉപേക്ഷിച്ച് കടുത്ത പ്രതികാരം നടത്തുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് വാഗർ ഖലീഫ മുന്നറിയിപ്പ് നൽകി.