ബോംബ് ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു


കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിനെ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഔദ്യോഗിക വസതിയായ ലോഡ്ജില്‍ നിന്ന് ഒഴിപ്പിച്ചു. ചൈനയില്‍ നിരോധിച്ച ഒരു മതസംഘടനയുമായി ബന്ധപ്പെട്ടവരാണ് ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ ലോഡ്ജിനുള്ളിലെ തന്റെ നായ 'ടോട്ടോ'യുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി ഓസ്‌ട്രേലിയന്‍ പൊലീസിനോട് നന്ദി രേഖപ്പെടുത്തി. ടോട്ടോ ജാഗ്രതയിലാണെന്നും എന്നാല്‍ എല്ലാം സുഖമാണെന്നുമാണ് അദ്ദേഹം കുറിച്ചത്. പിന്നാലെ മെല്‍ബണില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഇത്തരം ഭീഷണികളെ ലഘുവായി കാണാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ചൈനീസ് പരമ്പരാഗത സംഗീത- നൃത്ത സംഘമായ ഷെന്‍ യുന്നിന്റെ ഓസ്‌ട്രേലിയയിലെ പരിപാടികള്‍ക്ക് മുന്നോടിയായാണ് ഭീഷണികള്‍ ഉണ്ടായത്. ഫലുന്‍ ഗോംഗ് പ്രസ്ഥാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന്റെ പ്രകടനങ്ങള്‍ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

1990-കളുടെ മധ്യത്തില്‍ ചൈനയില്‍ ആരംഭിച്ച ഫാലുന്‍ ഗോംഗ് പ്രസ്ഥാനത്തെ ചൈനീസ് സര്‍ക്കാര്‍ നിരോധിക്കുകയും കടുത്ത നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ചൈനീസ് ഭാഷയില്‍ എഴുതിയ രണ്ട് ഇമെയിലുകള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുകയും ഷെന്‍ യൂന്റെ പരിപാടികള്‍ മുന്നോട്ട് പോയാല്‍ ദോഷം വരുത്തുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ബനീസിന്റെ വസതിയില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജവിവരവും ഇമെയിലുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.