കീവ്: ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ രാത്രിയിലുണ്ടായ ശക്തമായ റഷ്യന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം, മോസ്‌കോയ്ക്ക് സമാധാനത്തിന് താത്പര്യമില്ലെന്നതിന്റെ തെളിവാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. പുതിയ സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് യാത്രതിരിക്കുന്നതിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്.
പത്ത് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കീവ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 40 ശതമാനം വീടുകള്‍ക്ക് ഹീറ്റിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി.
ഊര്‍ജ ഉത്പാദന കേന്ദ്രങ്ങളും സിവിലിയന്‍ കെട്ടിടങ്ങളും ലക്ഷ്യമാക്കി ഏകദേശം 500 ഡ്രോണുകളും 40 മിസൈലുകളും റഷ്യ വിക്ഷേപിച്ചെന്ന് സെലന്‍സ്‌കി ടെലിഗ്രാമില്‍ കുറിച്ചു. 'റഷ്യന്‍ പ്രതിനിധികള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ സംസാരിക്കുന്നത് മിസൈലുകളും ഡ്രോണുകളുമാണ്. പ്രസിഡന്റ് പുട്ടിന് യുദ്ധം അവസാനിപ്പിക്കാന്‍ മനസ്സില്ല,'- സെലന്‍സ്‌കി ആരോപിച്ചു.
അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബി.ബി.സി. മാധ്യമപ്രവര്‍ത്തക അനസ്താസിയ ഗ്രിബാനോവ താമസിക്കുന്ന കെട്ടിടവും ആക്രമണത്തില്‍ തകര്‍ന്നു. ലിഫ്റ്റിലായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെങ്കിലും അവര്‍ക്ക് പരിക്കേല്‍ക്കില്ല.
ഇതിനിടെ, ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ട് യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കി. എന്നാല്‍ രാജ്യത്തിന്റെ വ്യോമപരിധി ലംഘിക്കപ്പെട്ടിട്ടില്ലെന്ന് പിന്നീട് പോളണ്ട് അറിയിച്ചു.
അതേസമയം, റഷ്യന്‍ പ്രദേശങ്ങളില്‍ ഉക്രെയ്‌നിന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മോസ്‌കോയ്ക്കുമേല്‍ ഉള്‍പ്പെടെ ഏകദേശം 200 ഡ്രോണുകള്‍ വെടിവെച്ചു വീഴ്ത്തിയതായും അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫ്‌ലോറിഡയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തി. ഉക്രെയ്‌നിന് 2.5 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സാമ്പത്തിക സഹായം കാര്‍ണി പ്രഖ്യാപിച്ചു.
അതിനിടെ, സമാധാന കരാറിനായുള്ള പുതുക്കിയ 20പോയിന്റ് കരട് ഉടന്‍ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഉറപ്പുകളും ഭൂവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാകുമെന്നാണ് സൂചന.
കീവ് ആക്രമണം: 'റഷ്യയ്ക്ക് സമാധാനം വേണ്ട' - സെലന്‍സ്‌കി
