ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിനു നേരെ ആക്രമണം; ചോര്‍ച്ചാ ഭീഷണി മുന്നറിയിപ്പുമായി ഐഎഇഎ

ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിനു നേരെ ആക്രമണം; ചോര്‍ച്ചാ ഭീഷണി മുന്നറിയിപ്പുമായി ഐഎഇഎ


വിയന്ന: ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം യു എസ്- ഇസ്രയേല്‍ സൈനിക നടപടികള്‍ക്കിടെ ആക്രമിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയിലെ ഇറാന്റെ പ്രതിനിധി അറിയിച്ചു.

സമാധാനപരവും അന്താരാഷ്ട്ര മേല്‍നോട്ടത്തിലുള്ളതുമായ ഇറാന്റെ ആണവ സൗകര്യങ്ങള്‍ ആക്രമിച്ചു എന്നാണ് ഇറാന്‍ പ്രതിനിധി റേസാ നജാഫി 35 രാജ്യങ്ങള്‍ അംഗങ്ങളായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഏത് കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ നതാന്‍സ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആണവായുധ വികസന ലക്ഷ്യത്തോടെ ഇറാന്‍ പദ്ധതി നടപ്പാക്കുന്നുവെന്ന ആരോപണവുമായി യു എസ് ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരവും സിവിലിയന്‍ ആവശ്യങ്ങള്‍ക്കുമുള്ളതുമാണെന്ന് തെഹ്റാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജ്യത്തിന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.

സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് താന്‍ ഊന്നിപ്പറയുന്നതായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന കിരണങ്ങളുടെ ചോര്‍ച്ചാ സാധ്യത നിഷേധിക്കാനാവില്ലെന്നും അതുവഴി പ്രധാന നഗരങ്ങളേക്കാള്‍ വലിയ പ്രദേശങ്ങള്‍ ഒഴിപ്പിക്കേണ്ട സാഹചര്യം പോലും ഉണ്ടാകാമെന്നും ഐഎഇഎ ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗത്തില്‍ സംസാരിച്ച ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞു. 

പ്രദേശത്തെ ആണവ കിരണ വസ്തുക്കളുടെ സ്വഭാവത്തെയും സ്ഥിതിയെയും കുറിച്ച് ഏജന്‍സിക്ക് അറിവുണ്ടെന്നും ആക്രമണമോ അപകടമോ മൂലം ചോര്‍ച്ച ഉണ്ടായാല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഗ്രോസി കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങള്‍ ആണവ വൈദ്യുതി നിലയങ്ങളോ ഗവേഷണ റിയാക്ടറുകളോ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും സൈനിക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ഗ്രോസി എല്ലാ സൈനിക നടപടികളിലും പരമാവധി ആത്മനിയന്ത്രണം പാലിക്കണമെന്നും ആവശ്യപ്പെട്ടു.