ബംഗ്ലാദേശില്‍ ഹി്ന്ദു വ്യാപാരിക്കു നേരെ ആക്രമണം

ബംഗ്ലാദേശില്‍ ഹി്ന്ദു വ്യാപാരിക്കു നേരെ ആക്രമണം


ധാക്ക: ദിപു ചന്ദ്ര ദാസ്, ബജേന്ദ്ര ബിശ്വാസ് എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബംഗ്ലാദേശിലെ ദാമുദ്യയില്‍ മറ്റൊരു ഹിന്ദു പുരുഷനും അക്രമികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ദാമുദ്യയിലെ കനേശ്വര്‍ യൂണിയനിലെ കെഉര്‍ഭംഗ ബസാറിന് സമീപമാണ് സംഭവം നടന്നത്.

50 വയസ്സുള്ള ഹിന്ദു വ്യാപാരിയായ ഖോകന്‍ ചന്ദ്ര ദാസിന് നേരെ ആക്രമണം നടത്തുകയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

പരിക്കേറ്റ ഖോകന്‍ ചന്ദ്ര ദാസിനെ ആദ്യം ശരിയത്പൂര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ പിന്നീട് ചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റി.

കനേശ്വര്‍ യൂണിയനിലെ വാര്‍ഡ് നമ്പര്‍ 3ലെ തിലായ് ഗ്രാമവാസിയായ ഖോകന്‍ ചന്ദ്ര ദാസ് കെഉര്‍ഭംഗ ബസാറില്‍ മരുന്ന് കടയും മൊബൈല്‍ ബാങ്കിങ് സേവനവും നടത്തുന്ന വ്യാപാരിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി കട അടച്ച ശേഷം പണവുമായി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ദാമുദ്യശരിയത്പൂര്‍ റോഡിലെ കെഉര്‍ഭംഗ ബസാറിന് സമീപം അക്രമികള്‍ ഓട്ടോറിക്ഷ തടഞ്ഞ് മര്‍ദിച്ചതായാണ് വിവരം. തുടര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഖോകന്‍ ചന്ദ്ര ദാസ് റോഡരികിലെ കുളത്തിലേക്ക് ചാടിയതായി പറയുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2024 ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതോടെ ബംഗ്ലാദേശ് രാഷ്ട്രീയ അസ്ഥിരതയില്‍ പെട്ടത്. 

പരിക്കേറ്റ ഖോകന്‍ ചന്ദ്ര ദാസിന്റെ ഭാര്യ സീമ ദാസ് പറയുന്നതനുസരിച്ച് അക്രമികളില്‍ രണ്ടുപേരെ ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ ബംഗ്ലാദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.