ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനില്‍ ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ പ്രൈഡ് ആഘോഷത്തിനിടെ വാന്‍ ഓടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. 21-കാരനായ അബ്ദുല്‍ ബലൂത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്പാന്‍ഡൗവില്‍ നടത്തിയ വന്‍ പൊലീസ് തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ആയുധവുമായി പ്രത്യേക പൊലീസ് വിഭാഗമായ എസ് ഇ കെ ഉദ്യോഗസ്ഥര്‍ക്കു നേരെ ഇയാള്‍ പാഞ്ഞടുത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ന്നത്.
ശനിയാഴ്ച ബെര്‍ലിന്‍ പ്രൈഡ് ആഘോഷത്തിനിടെ വാന്‍ ഓടിച്ചുകയറ്റിയ ശേഷം ഒളിവില്‍ പോയ പ്രതിയെ ഞായറാഴ്ച നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ബെര്‍ലിന്‍ സെനറ്റിന്റെ ആഭ്യന്തരകാര്യ വകുപ്പ് സ്ഥിരീകരിച്ചു.
വൈകിട്ട് ആറുമണിയോടെ നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ സ്പാന്‍ഡൗവിലെ ഒരു ഗാര്‍ഡന്‍ കോളനിയില്‍ പ്രതിയെ കണ്ടെത്തിയതായി ബെര്‍ലിന്‍ പൊലീസ് അറിയിച്ചു. കുത്താന്‍ ഉപയോഗിക്കുന്ന ആയുധവുമായി എസ് ഇ കെ സംഘത്തിന് നേരെ ഇയാള്‍ ആക്രമണത്തിന് ശ്രമിച്ചതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു.
അബ്ദുല്‍ ബലൂത്ത് ഐ എസില്‍ ചേരുന്നതിന് ജര്‍മനി വിട്ടുപോകാന്‍ പലതവണ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
തുര്‍ക്കി വഴി മൗറിറ്റാനിയയിലേക്ക് പോകാന്‍ ആദ്യം ശ്രമിച്ച ഇയാള്‍ പിന്നീട് തുര്‍ക്കിയില്‍ നിന്ന് ലെബനനിലെത്തി അവിടെ നിന്ന് സിറിയയിലേക്ക് കടന്ന് ഐ എസില്‍ ചേരാന്‍ ശ്രമിച്ചതായും ബെര്‍ലിന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു.
മത- വിഭാഗീയ വിദ്വേഷം പ്രചരിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ക്കായി ലെബനനിലെ സൈനിക കോടതി ഇയാളെ മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. 2025 നവംബറില്‍ ജര്‍മനിയിലേക്ക് മടങ്ങിയെത്തിയ ഇയാളെ ബെര്‍ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി മുതല്‍ അബ്ദുല്‍ ബലൂത്തിനായി രാജ്യമൊട്ടാകെ വന്‍ തിരച്ചില്‍ നടക്കുകയായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ എല്‍ ജി ബി ടി ക്യു പ്രൈഡ് ആഘോഷങ്ങളിലൊന്നായ ബെര്‍ലിന്‍ സി എസ് ഡി പരിപാടിക്കിടെ വാടകയ്ക്ക് എടുത്ത മിനിവാന്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ലെബനീസ് വംശജനായ ജര്‍മന്‍ പൗരനാണ് പ്രതിയെന്ന് ജര്‍മന്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐ എസ് ഐ എസില്‍ ചേരാനായി മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ നടത്തിയ മുന്‍ശ്രമവുമായി ബന്ധപ്പെട്ട് 'ഗുരുതരമായ അക്രമപ്രവര്‍ത്തനത്തിന് തയ്യാറെടുപ്പ് നടത്തിയ' കേസില്‍ ഇയാള്‍ മുമ്പ് ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിന് സമീപമുള്ള ടിയര്‍ഗാര്‍ട്ടന്‍ പാര്‍ക്ക് മേഖലയില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് സുരക്ഷാസേന വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരുന്നു.
പ്രതി മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും തീവ്രവത്ക്കരിക്കപ്പെട്ട വ്യക്തിയാണെന്നും ആഭ്യന്തരമന്ത്രി അലക്‌സാണ്ടര്‍ ഡോബ്രിന്‍ഡ് വ്യക്തമാക്കിയത്.
രണ്ട് മാസം മുമ്പാണ് അബ്ദുല്‍ ബലൂത്ത് ജുവനൈല്‍ തടവില്‍ നിന്ന് മോചിതനായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ജര്‍മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന ഇയാളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള നൂറുകണക്കിന് അപകടകാരികളില്‍ ഒരാളായി അധികൃതര്‍ കണക്കാക്കിയിരുന്നു.
വാടക വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നിരവധി പേരെ ആക്രമിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം അറിയിച്ചു.
ബെര്‍ലിന്റെ വാര്‍ഷിക ക്രിസ്റ്റഫര്‍ സ്ട്രീറ്റ് ഡേ ആഘോഷങ്ങളുടെ സമാപന പരിപാടിക്കിടെയാണ് ആക്രമണം നടന്നത്.
ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ വാന്‍ പിന്നീട് ഒരു മരത്തില്‍ ഇടിച്ചുനിന്നതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തേക്ക് അതിവേഗം രക്ഷാപ്രവര്‍ത്തകര്‍ എത്തി. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും മറ്റുള്ളവര്‍ക്ക് വിവിധ തോതിലുള്ള പരിക്കുകളുണ്ടെന്നും ബെര്‍ലിന്‍ അഗ്നിരക്ഷാസേന അറിയിച്ചു.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് രാജ്യത്ത് ഐക്യം കാത്തുസൂക്ഷിക്കണമെന്നും ഇത്തരം അക്രമസംഭവങ്ങള്‍ ജര്‍മനിയുടെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
