ജർമനിയിൽ വെടിവയ്പ് ; അഞ്ച് പേർ കൊല്ലപ്പെട്ടു, പ്രധാന പ്രതിയും മറ്റൊരാളും പിടിയിൽ

ജർമനിയിൽ വെടിവയ്പ് ; അഞ്ച് പേർ കൊല്ലപ്പെട്ടു, പ്രധാന പ്രതിയും മറ്റൊരാളും പിടിയിൽ


ബെർലിൻ: ജർമനിയുടെ വടക്കൻ നഗരമായ സ്റ്റാഡെയിൽ യുവജനകേന്ദ്രത്തിന് സമീപമുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രധാന പ്രതിയുൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

തിങ്കളാഴ്ചയാണ് സ്റ്റാഡെ നഗരത്തിലെ ഡാങ്കേഴ്‌സ്ട്രാസെ പ്രദേശത്ത് വെടിവയ്പ് നടന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങൾ സ്ഥലത്തേക്ക് പോകരുതെന്നും ല്യൂനെബർഗ് പൊലീസ് മുന്നറിയിപ്പ് നൽകി.

ആദ്യം ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും പിന്നീട് പ്രധാന പ്രതിയുൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ പ്രതിയുടെ പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരും മുതിർന്നവരാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് പ്രതികളൊന്നും ഒളിവിലില്ലെന്നും നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

സ്റ്റാഡെ നഗരത്തിൽ ഏകദേശം 50,000 പേരാണ് താമസിക്കുന്നത്. ഹാംബർഗിന് പടിഞ്ഞാറായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

വെടിവയ്പിന് പിന്നിലെ കാരണം എന്താണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ജർമനിയിൽ ആയുധനിയമങ്ങൾ അമേരിക്കയേക്കാൾ കർശനമാണ്. അതിനാൽ ഇത്തരത്തിലുള്ള കൂട്ടവെടിവയ്പ് സംഭവങ്ങൾ അപൂർവമാണെങ്കിലും മുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.