സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, 100 പേര്‍ക്ക് പരിക്ക്

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, 100 പേര്‍ക്ക് പരിക്ക്


മാഡ്രിഡ്: തെക്കന്‍ സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുറഞ്ഞത് 21 പേര്‍ മരിച്ചു, 100ലധികം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്.

മാലഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ആദമൂസ് പ്രദേശത്തിന് സമീപം പാളം തെറ്റി സമീപത്തെ ട്രാക്കിലേക്ക് കടന്നതോടെ, മാഡ്രിഡില്‍ നിന്ന് ഹുവേല്‍വയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രെയിനുമായി ഇടിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവരില്‍ 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മാഡ്രിഡിനും ആന്‍ഡലൂസിയ മേഖലയ്ക്കുമിടയിലെ എല്ലാ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആദ്യം പാളം തെറ്റിയ ട്രെയിന്‍ ഓപ്പറേറ്റ് ചെയ്തിരുന്ന ഐറിയോ കമ്പനി സംഭവത്തില്‍ ആഴത്തിലുള്ള ഖേദം രേഖപ്പെടുത്തി. അടിയന്തര പ്രോട്ടോക്കോളുകള്‍ സജീവമാക്കിയതായും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് സാഹചര്യം കൈകാര്യം ചെയ്യുകയാണെന്നും കമ്പനി അറിയിച്ചു. അപകടസമയത്ത് ട്രെയിനില്‍ 300 യാത്രക്കാരുണ്ടായിരുന്നുവെന്നും ഐറിയോ വ്യക്തമാക്കി.