പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു


പോലീസ് സ്റ്റേഷന് മുന്നിൽ ആക്രമണം; മരിച്ചവരിൽ പൊലീസുകാരും, ടി.ടി.പി.ക്ക് നേരെ സംശയം


ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ ചാവേർ സഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസുകാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. രണ്ട് ഡസനിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിലെ പൊലീസ് സ്റ്റേഷനു മുന്നിലാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളുമായി സമാധാനം ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് സമീപം ഒത്തുകൂടിയിരിക്കെയായിരുന്നു ആക്രമണം.

ഉമർ എന്നയാളാണ് ചാവേർ ആക്രമണം നടത്തിയതെന്ന് സ്വാത് ജില്ലാ പൊലീസ് ഓഫീസർ (ഡി.പി.ഒ.) അറിയിച്ചു. പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണത്തെ പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്വി ശക്തമായി അപലപിച്ചു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തി മേഖലയിൽ സജീവമായ തഹ്‌രീക്ഇതാലിബാൻ പാകിസ്ഥാൻ (ടി.ടി.പി.) എന്ന ഭീകരസംഘടനയ്ക്കാണ് പ്രാഥമിക സംശയം. ഐക്യരാഷ്ട്രസഭയും പാകിസ്ഥാൻ സർക്കാരും ടി.ടി.പി.യെ നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.