പാകിസ്ഥാന്റെ വ്യോമാക്രമണം: അഫ്ഗാനില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു

പാകിസ്ഥാന്റെ വ്യോമാക്രമണം: അഫ്ഗാനില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു


കാബൂള്‍: പാകിസ്ഥാന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. കുനര്‍, പക്തിക അതിര്‍ത്തിപ്രദേശങ്ങളിലേക്കായിരുന്നു അര്‍ധരാത്രിയോടെ നടന്ന ബോംബാക്രമണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഖോസ്റ്റ് പ്രവിശ്യയിലെ മുഗള്ഗായ് മേഖലയിലെ ഒരു വീട്ടിലേക്കാണ് ആക്രമണം നടന്നതെന്ന് സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇതിനു ഒരു ദിവസം മുമ്പ് പാകിസ്ഥാനിലെ പേഷാവറില്‍ ഫെഡറല്‍ കോണ്‍സ്റ്റബുലറി ആസ്ഥാനത്തിന് നേരെ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ സുരക്ഷാ സാന്നിധ്യമുള്ള സൈനിക കാന്റോണ്‍മെന്റ് മേഖലയ്ക്ക് സമീപമായിരുന്നു സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു.