ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ മസ്ജിദിൽ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ കുറഞ്ഞത് പത്തുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ പുറംപ്രദേശമായ ഷെഹ്‌സാദ് ടൗണിലെ തർലൈ ഇമാംബർഗായിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്ത് ഉടൻ പൊലീസ്, രക്ഷാസേന, അഗ്‌നിശമന വിഭാഗങ്ങൾ എന്നിവ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ഫെഡറൽ ക്യാപിറ്റലിലെ പോളിക്ലിനിക് ആശുപത്രിയിലേക്കും പാക്കിസ്ഥാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്), സിഡിഎ ആശുപത്രി എന്നിവിടങ്ങളിലേക്കും മാറ്റി. പിംസ് ആശുപത്രിയിലെ അടിയന്തര വിഭാഗം, ഓർത്തോപീഡിക്, ബേൺ സെന്റർ, ന്യൂറോളജി വിഭാഗങ്ങൾ എന്നിവ പൂർണ സജ്ജമാക്കിയതായി ഡോൺ റിപ്പോർട്ട് ചെയ്തു.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് ആത്മഹത്യാ ആക്രമണമാണോ, മസ്ജിദിനകത്ത് സ്ഥാപിച്ച ബോംബാണോ എന്നത് ഫോറൻസിക് പരിശോധന പൂർത്തിയായതിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്ലാമാബാദിലെ മസ്ജിദിൽ സ്‌ഫോടനം; വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ പത്തുപേർ കൊല്ലപ്പെട്ടു
