ഇറാൻ യുദ്ധം 'പകുതി പിന്നിട്ടു': എപ്പോൾ അവസാനിക്കും എന്ന് പറയാതെ നെതന്യാഹു

ഇറാൻ യുദ്ധം 'പകുതി പിന്നിട്ടു': എപ്പോൾ അവസാനിക്കും എന്ന് പറയാതെ നെതന്യാഹു


ടെൽ അവിവ്: ഇറാനെതിരെ നടക്കുന്ന യുദ്ധം ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പകുതിയ്ക്ക് മുകളിൽ എത്തിയതായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തമായ സമയം പറയാൻ അദ്ദേഹം തയ്യാറായില്ല.

അമേരിക്കൻ ചാനൽ ന്യൂസ്മാക്‌സിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. സമയം നോക്കിയല്ല , ലക്ഷ്യങ്ങൾ എത്രത്തോളം നേടി എന്നതിനെ അടിസ്ഥാനമാക്കിയാണ് യുദ്ധത്തിന്റെ പുരോഗതി നിർണയിക്കുന്നത് എന്നും  അദ്ദേഹം പറഞ്ഞു.

 ഫെബ്രുവരി 28ന് ആരംഭിച്ച ഈ ആക്രമണം നാല് മുതൽ ആറാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് മുൻകൂട്ടി പറഞ്ഞിരുന്നത്. മാർച്ച് 31ഓടെ യുദ്ധം 32ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം,  യുദ്ധം ഇനിയും ചില ആഴ്ചകൾ തുടരുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നൽകുന്ന സൂചന. എണ്ണവില ഉയരുന്നതിനോടൊപ്പം പൊതുജനങ്ങളിൽ യുദ്ധവിരുദ്ധ നിലപാട് ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.

യുദ്ധത്തിൽ ഇതുവരെ വലിയ നേട്ടങ്ങൾ കൈവരിച്ചതായും നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷിയും മിസൈൽ സംവിധാനവും ആണവ പദ്ധതിയും കാര്യമായി തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നന്റെ തൊട്ടടുത്ത ഘട്ടത്തിലാണെന്ന വാദം അന്താരാഷ്ട്ര ആണവ ഏജൻൻസി പിന്തുണച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇറാനിലെ ഭരണകൂടം അകത്തുനിന്ന് തകരാൻ സാധ്യതയുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. എന്നാൽ നിലവിൽ ലക്ഷ്യം സൈനിക ശേഷി ദുർബലപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.