ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പൽ അയക്കണമെന്ന് ട്രംപ്; സമാധാനത്തിനാണ് മുൻഗണനയെന്ന് ചൈന

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പൽ അയക്കണമെന്ന് ട്രംപ്; സമാധാനത്തിനാണ് മുൻഗണനയെന്ന് ചൈന


വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം സുരക്ഷിതമാക്കാൻ വിവിധ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ വിന്യസിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ചൈനയും ബ്രിട്ടനും പ്രതികരിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ഊർജവിതരണം തടസ്സമില്ലാതെ തുടരണമെന്നും ചൈന വ്യക്തമാക്കി.

മധ്യ പൗരസ്ത രാജ്യങ്ങളുടെ ആത്മാർത്ഥ സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമായ ചൈന സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാ പക്ഷങ്ങളുമായി ആശയവിനിമയം ശക്തമാക്കി സമാധാനം പുനഃസ്ഥാപിക്കാൻ നിർമാണാത്മക പങ്ക് വഹിക്കുമെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി അറിയിച്ചു.

അതേസമയം മേഖലയിൽ കപ്പൽഗതാഗത സുരക്ഷ ഉറപ്പാക്കാൻ വിവിധ മാർഗങ്ങൾ സഹരാജ്യങ്ങളുമായി ചർച്ച ചെയ്യുകയാണെന്ന് ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അതിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പങ്കാളികളാകണമെന്ന് ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. അമേരിക്ക ഇതിനായി സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർത്തുവെന്നാണ് ട്രംപ് അവകാശപ്പെട്ടതെങ്കിലും ഡ്രോൺ ആക്രമണങ്ങളിലൂടെയോ മൈനുകൾ സ്ഥാപിച്ചോ ഇറാൻ കടലിടുക്കിൽ ഭീഷണി തുടരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാന്റെ അനുമതി വേണമെന്ന നിബന്ധനയും പ്രഖ്യാപിച്ചു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗങ്ങളിലൊന്നായ ഹോർമുസ് അടച്ചതോടെ ആഗോള ഊർജവിതരണത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായിരിക്കുകയാണ്.

ഇതിനിടെ കടലിടുക്കിൽ ഇതുവരെ കുറഞ്ഞത് 29 കടൽസുരക്ഷാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര ഏജൻസികൾ അറിയിച്ചു. ഇന്ത്യയിലേക്ക് വരുന്ന വ്യാപാരക്കപ്പലുകൾക്ക് സഹായം നൽകാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയ്ക്ക് സമീപം ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.