ചന്ദ്രന്റെ മറുവശത്ത് എത്തുമ്പോൾ ഭൂമി കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമായ അത്യപൂർവ നിമിഷം ജീവിതകാലം മുഴുവൻ മറക്കാനാകില്ലെന്ന് റീഡ് വിസ്മാൻ. ആർട്ടെമിസ് II ദൗത്യത്തിനിടെ അനുഭവിച്ച ആ നിമിഷം ഓർത്തപ്പോൾ ഇപ്പോഴും വിറയലുണ്ടാകുന്നുവെന്നും കൈവിരലുകൾ വിയർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓറിയൺ പേടകം ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിക്കുമ്പോൾ ഭൂമി പതിയെ മറഞ്ഞു. 'നമ്മുടെ സ്വന്തം ഗ്രഹം കണ്ണുമുന്നിൽ നിന്ന് അപ്രത്യക്ഷമാകുന്നത് കാണുന്നത് അത്ഭുതകരമായ അനുഭവമാണ്. ഭൂമിയുടെ അന്തരീക്ഷവും ചന്ദ്രന്റെ ഭൂപ്രകൃതിയും അതിൽ പ്രതിഫലിക്കുന്നതും കാണാനായി... എന്നാൽ അടുത്ത നിമിഷം അത് കാണാതെയായി,' എന്ന് വിസ്മയത്തോടെ അദ്ദേഹം വിവരിച്ചു.
ആ സമയത്ത്, ഭൂമിയുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏകദേശം 31 മിനിറ്റ് മുഴുവൻ ആശയവിനിമയം നിലച്ചിരുന്നു. ഭൂമിയെ കേൾക്കാനോ കാണാനോ കഴിയാത്ത ആ നിമിഷം സംഘാംഗങ്ങളെ ആഴത്തിലുള്ള ആത്മപരിശോധനയിലേക്ക് നയിച്ചുവെന്ന് വിസ്മാൻ പറഞ്ഞു. 'ഇത് ഒരിക്കലും മനുഷ്യർ അനുഭവിക്കേണ്ടി വരാത്ത അത്യപൂർവ അനുഭവമാണ്. എന്നാൽ അതേ സമയം അത് ഒരു വലിയ അനുഗ്രഹവുമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രചിത്രമായി 'എർത്ത്‌സെറ്റ്'
ആ നിമിഷത്തിൽ ഓറിയൺ പകർത്തിയ 'എർത്ത്‌സെറ്റ്' ചിത്രം ഇതിനോടകം തന്നെ ചരിത്രപരമായ പ്രാധാന്യം നേടിയിട്ടുണ്ട്. 1968ലെ അപ്പോഴെ 8 ദൗത്യത്തിനിടെ പകർത്തിയ 'എർത്ത്‌റൈസ്' ചിത്രത്തോടാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. അന്ന് ആദ്യമായി മനുഷ്യർ ചന്ദ്രനെ ചുറ്റിപ്പറന്നപ്പോൾ ബിൽ ആൻഡേഴ്‌സ് പകർത്തിയ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.
ആർട്ടെമിസ് II ദൗത്യത്തിൽ 'എർത്ത്‌സെറ്റ്' ചിത്രം മുൻകൂട്ടി പദ്ധതിയിട്ടതായിരുന്നു. പിന്നീട് 'എർത്ത്‌റൈസ്' ചിത്രവും അവർ പകർത്തിയെങ്കിലും, ഭൂമി അസ്തമിക്കുന്ന കാഴ്ചയാണ് സംഘത്തെ ഏറ്റവും കൂടുതൽ ബാധിച്ചത്.
'ജെറമി കൊണ്ടുവന്ന മേഫിൾ കുക്കികൾ പങ്കുവെച്ച് ഞങ്ങൾ കുറച്ച് നിമിഷങ്ങൾ ആ അനുഭവത്തെക്കുറിച്ച് ചിന്തിച്ചു. തുടർന്ന് വീണ്ടും ശാസ്ത്രീയ ദൗത്യങ്ങളിലേക്ക് തിരികെ പോയി,' എന്നും വിസ്മാൻ പറഞ്ഞു.
50 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രയാത്രയിൽ
50 വർഷത്തിലേറെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യരെ വീണ്ടും ആർട്ടെമിസ് II ചന്ദ്രനിലേക്കെത്തിച്ചിരിക്കുന്നത് . 2028ൽ ലക്ഷ്യമിടുന്ന മനുഷ്യ ചന്ദ്രലാൻഡിംഗിന് മുന്നൊരുക്കമായാണ് ഈ ദൗത്യം കണക്കാക്കപ്പെടുന്നത്.
വിസ്മാനൊപ്പം ക്രിസ്റ്റിന കോച്ച്, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൻ എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. ഇവർ ചന്ദ്രന്റെ മറുവശം നേരിൽ കണ്ടതോടൊപ്പം, വിസ്മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെ പേരിൽ ഒരു ക്രാറ്ററിനും പേര് നൽകി.
ഓറിയൺ പേടകം ചന്ദ്രന്റെ മറുവശത്തേക്കാൾ 7,500 കിലോമീറ്റർ കൂടി അകലത്തിൽ സഞ്ചരിച്ചതോടെ, മനുഷ്യർ ഇതുവരെ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരെയുള്ള സ്ഥാനത്തെത്തിയവരായി ഈ സംഘം മാറി.
'ഭൂമി കൺമുന്നിൽ നിന്നു മറഞ്ഞ നിമിഷം...'; വിറയലോടെ ഓർമ്മ പങ്കുവെച്ച് ആർട്ടെമിസ് II സംഘനേതാവ്
