ബീജിങ്: ചൈനയില്‍ പുറത്തിറക്കിയ പുതിയ മൊബൈല്‍ ആപ്പ് ശ്രദ്ധേയമാകുന്നതിനോടൊപ്പം വിമര്‍ശനത്തിനും വഴിയൊരുക്കുന്നു. 'സിലിമെ' എന്ന പേരിലുള്ള ആപ്പിന്റെ മാന്‍ഡറിന്‍ അര്‍ഥം 'നിങ്ങള്‍ മരിച്ചോ?' എന്നതാണ്. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്പ്, വിവാഹത്തിലേക്ക് കടക്കുന്ന ദമ്പതികളുടെ എണ്ണം കുറയുകയും ഒറ്റയ്ക്കുള്ള ജീവിതം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന ചൈനീസ് സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധ നേടുന്നത്. മുതിര്‍ന്ന പ്രായക്കാരായ 'എംപ്റ്റി നെസ്റ്റേഴ്‌സ്' എന്നറിയപ്പെടുന്ന കുട്ടികള്‍ കൂടെയില്ലാത്ത വയോധികരെയും ഈ ആപ്പ് ലക്ഷ്യമിടുന്നു.
പണമടച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് 'സിലിമെ'. ഇത് ഉപയോഗിക്കുന്നതിന് ഉപയോക്താവ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങളും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഉപയോക്താവ് നിശ്ചിത സമയത്തേക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാതിരുന്നാല്‍ ആപ്പ് അലാറം നല്‍കുകയും അത് നേരിട്ട് അടിയന്തര ബന്ധപ്പെടല്‍ വ്യക്തിക്ക് അറിയിപ്പായി ലഭിക്കുകയും ചെയ്യും. ഈ വ്യക്തി ബന്ധുവോ അടുത്ത സുഹൃത്തോ ആയിരിക്കാം.
സുരക്ഷയുടെ പേരില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെങ്കിലും സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഈ ആപ്പ് ഉയര്‍ത്തുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
