അമേരിക്ക-ഇറാൻ ചർച്ച തകരാൻ കാരണം നെതന്യാഹുവിന്റെ ഫോൺകോളെന്ന് ഇറാന്റെ ആരോപണം

അമേരിക്ക-ഇറാൻ ചർച്ച തകരാൻ കാരണം നെതന്യാഹുവിന്റെ ഫോൺകോളെന്ന് ഇറാന്റെ ആരോപണം


ടെഹ്രാൻ: പാകിസ്ഥാനിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ടതായി ഇറാൻ ആരോപിച്ചു. ചർച്ചകൾ നിർണായക ഘട്ടത്തിലായിരിക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ഫോൺകോൾ തന്നെയാണ് സാഹചര്യം മാറ്റിമറിച്ചതെന്നാണ് ഇറാന്റെ നിലപാട്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനോട് നെതന്യാഹു നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ചർച്ചകളുടെ ദിശ മാറിയെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി സയദ് അബ്ബാസ് അറാഘ്ചി സാമൂഹ്യമാധ്യമമായ എക്‌സിൽ ആരോപിച്ചത്. ഇറാൻ-അമേരിക്ക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം ഇസ്രായേലിന്റെ താൽപര്യങ്ങളിലേക്കാണ് ശ്രദ്ധ തിരിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ 21 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ശേഷവും യാതൊരു ധാരണയുമില്ലാതെ വാൻസ് മടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചകളിലൂടെ നേടാൻ അമേരിക്ക ശ്രമിച്ചുവെന്നും, ഇറാൻ സത്യസന്ധമായ സമീപനത്തോടെയാണ് ചർച്ചയിൽ പങ്കെടുത്തതെന്നും അറാഘ്ചി പറഞ്ഞു. ചർച്ച അവസാനിക്കുമ്പോൾ വാൻസ് നടത്തിയ വാർത്താസമ്മേളനം അനാവശ്യമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, നെതന്യാഹുവിന്റെ ഫോൺകോൾ സംബന്ധിച്ച ആരോപണത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, ഈ മാസം ആദ്യം നടപ്പാക്കിയ ഇരുപത് ദിവസത്തെ വെടിനിർത്തൽ കരാറിന് വെറും ഒൻപത് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ചർച്ചകൾ തകരുന്നത്. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.