ന്യൂയോര്‍ക്ക്: ലോെത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയില്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. നിര്‍മിത ബുദ്ധി (എ ഐ) തന്ത്രത്തെക്കുറിച്ചുള്ള ആശങ്കകളും ഉത്പാദനച്ചെലവ് വര്‍ധിച്ചതും നിലനില്‍ക്കുമ്പോഴും നിക്ഷേപകര്‍ ആപ്പിളില്‍ വിശ്വാസം തുടരുന്നതാണ് കമ്പനിയുടെ ഓഹരി മൂല്യം ഉയരാന്‍ കാരണമായത്.
നിലവില്‍ ആപ്പിളിന്റെ വിപണി മൂല്യം ഏകദേശം 4.56 ട്രില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ എന്‍വിഡിയയുടെ മൂല്യം ഏകദേശം 4.78 ട്രില്യണ്‍ ഡോളറാണ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്റെ വിപണി മൂല്യം ഏകദേശം 4.43 ട്രില്യണ്‍ ഡോളറാണ്.
ഡൗ ജോണ്‍സ് മാര്‍ക്കറ്റ് ഡേറ്റയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എന്‍വിഡിയയും ആപ്പിളും തമ്മിലുള്ള വിപണി മൂല്യത്തിലെ അന്തരം ഗണ്യമായി കുറഞ്ഞു. 2025 ഓഗസ്റ്റ് 4-ന് എന്‍വിഡിയയുടെ വിപണി മൂല്യം ആപ്പിളിനേക്കാള്‍ ഏകദേശം 1.37 ട്രില്യണ്‍ ഡോളര്‍ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വ്യത്യാസം ഏകദേശം 200 ബില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ട്.
എ ഐ രംഗത്തെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്പാദന ചെലവ് വര്‍ധിച്ചതും നേരിടുന്ന സാഹചര്യത്തിലും ആപ്പിളിന്റെ ഓഹരികളില്‍ നിക്ഷേപകരുടെ വിശ്വാസം തുടരുകയാണ്. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളിലുള്ള ആത്മവിശ്വാസമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
നിര്‍മിത ബുദ്ധി മുന്നേറ്റത്തിന്റെ കരുത്തില്‍ വന്‍ കുതിപ്പ് നടത്തിയിരുന്ന എന്‍വിഡിയയുടെ ഓഹരിവിലയിലെ വളര്‍ച്ച അടുത്തകാലത്ത് മന്ദഗതിയിലായി. എ ഐ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഇനി എന്‍വിഡിയയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും മറ്റ് കമ്പനികളിലേക്കും നിക്ഷേപകര്‍ ശ്രദ്ധ തിരിക്കുന്നുണ്ടെന്നും വിപണി നിരീക്ഷകര്‍ പറയുന്നു.
ഒരു കമ്പനിയില്‍ മാത്രം നിക്ഷേപം കേന്ദ്രീകരിക്കുന്നതിന് പകരം എ ഐ രംഗത്തെ മറ്റ് അവസരങ്ങളിലേക്കാണ് നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് ഗ്ലെന്‍മെഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് മൈക്ക് റെയ്‌നോള്‍ഡ്‌സ് അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയാകുമ്പോള്‍ എതിരാളികളുടെ ശ്രദ്ധയും മത്സരവും സ്വാഭാവികമായി വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
