ഇറാൻ പ്രസിഡന്റിന്റെ രാജി അഭ്യൂഹങ്ങൾക്കിടെ മുന്നറിയിപ്പുമായി മൊജ്തബ ഖമനെയി; 'നിരാശ പരത്തുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യം'

ഇറാൻ പ്രസിഡന്റിന്റെ രാജി അഭ്യൂഹങ്ങൾക്കിടെ മുന്നറിയിപ്പുമായി മൊജ്തബ ഖമനെയി; 'നിരാശ പരത്തുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യം'


ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ രാജിവെച്ചു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, രാജ്യത്തിനെതിരെ നടക്കുന്ന 'മനഃശാസ്ത്ര യുദ്ധ'ത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവിന്റെ മകൻ മൊജ്തബ ഖമനെയി രംഗത്തെത്തി. രാജ്യത്തിനുള്ളിൽ ഭിന്നത സൃഷ്ടിച്ച് ഭരണസംവിധാനത്തെ തകർക്കാനാണ് ശത്രുക്കളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹൊല്ല ഖമനെയിയുടെ ചരമവാർഷിക ചടങ്ങിൽ വായിച്ച സന്ദേശത്തിലൂടെയാണ് മൊജ്തബ ഖമനെയിയുടെ പ്രതികരണം. യുദ്ധഭൂമിയിൽ പരാജയപ്പെട്ട ശത്രുക്കൾ ഇപ്പോൾ ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിരാശയും ആശങ്കയും സൃഷ്ടിക്കുന്ന ഏതൊരു നടപടിയും ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ അമേരിക്കയെ നയിക്കുന്ന സാമ്രാജ്യത്വ ശക്തികൾ കഴിഞ്ഞ എൺപത് വർഷമായി ഇസ്രയേൽ എന്ന സൈനിക താവളം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ശക്തവും സ്വതന്ത്രവുമായ ഇറാനെ അംഗീകരിക്കാൻ അവർ തയ്യാറല്ലെന്നും ഇറാന്റെ പുരോഗതി തടയാൻ എന്തും ചെയ്യാൻ അവർ തയ്യാറാണെന്നും ഖമനെയി പറഞ്ഞു. സൈനിക ഏറ്റുമുട്ടലുകളിലും ആഭ്യന്തര തലത്തിലും ശത്രുക്കൾക്ക് കനത്ത തിരിച്ചടി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെയാണ് പ്രസിഡന്റ് പെസെഷ്‌കിയാൻ രാജിവെച്ചെന്ന വാർത്തകൾ പുറത്തുവന്നത്. പ്രധാന തീരുമാനങ്ങളിൽ നിന്ന് താൻ ഒഴിവാക്കപ്പെടുന്നുവെന്നും കടുത്ത നിലപാടുള്ള വിഭാഗങ്ങളുടെയും വിപ്ലവ ഗാർഡിന്റെയും സ്വാധീനം ഭരണത്തിൽ വർധിച്ചുവെന്നുമാണ് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ റിപ്പോർട്ടുകൾ പ്രസിഡന്റിന്റെ ഓഫീസ് തള്ളി.

രാജിവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം ഉപമേധാവി മെഹ്ദി തബതബായി വ്യക്തമാക്കി. രാജ്യത്തിന്റെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രസിഡന്റ് പൂർണമായി സജീവമാണെന്ന് സർക്കാർ വിവര കൗൺസിൽ ഡയറക്ടർ എലിയാസ് ഹസ്രതിയും അറിയിച്ചു. ദേശീയ ഐക്യം തകർക്കാനും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, രാജിക്കാര്യത്തിൽ പ്രസിഡന്റോ മറ്റ് മുതിർന്ന ഇറാൻ നേതാക്കളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇതോടെ അഭ്യൂഹങ്ങളും രാഷ്ട്രീയ ചർച്ചകളും തുടരുകയാണ്.