തായ്‌ലന്റ് തെരഞ്ഞെടുപ്പില്‍ അനുടിന്റെ പാര്‍ട്ടി വലിയ ഒറ്റക്കക്ഷി

തായ്‌ലന്റ് തെരഞ്ഞെടുപ്പില്‍ അനുടിന്റെ പാര്‍ട്ടി വലിയ ഒറ്റക്കക്ഷി


ബാങ്കോക്ക്: അതിര്‍ത്തി സംഘര്‍ഷങ്ങളും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തിയ പ്രചാരണവുമായി രംഗത്തെത്തിയ അനുടിന്‍ ചാര്‍ന്‍വീരകുല്‍ പൊതുതെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടാനൊരുങ്ങുന്നതായി പ്രാഥമിക ടെലിവിഷന്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ചാനല്‍ 3 പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അനുടിന്റെ ഭൂംജൈത്തായ് പാര്‍ട്ടി 500 അംഗ ലോവര്‍ ഹൗസില്‍ ഏകദേശം 200 സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ പാര്‍ലമെന്റിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയായി ഭൂംജൈത്തായ് മാറും.

പീപ്പിള്‍സ് പാര്‍ട്ടി 100-ല്‍ താഴെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവാത്രയുമായി ബന്ധമുള്ള ഫ്യൂ തായ് പാര്‍ട്ടി മൂന്നാം സ്ഥാനത്ത് എത്തുമെന്നുമാണ് സൂചന.

മുന്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ അനുടിന്റെ പാര്‍ട്ടിക്ക് ലഭിക്കുന്ന ഈ മുന്നേറ്റം രാഷ്ട്രീയമായി വലിയ തിരിച്ചുവരവായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് അനുടിന്‍ പ്രധാനമന്ത്രിയായത്. ഫ്യൂ തായ് പാര്‍ട്ടിയില്‍ നിന്നുള്ള തുടര്‍ച്ചയായ രണ്ട് പ്രധാനമന്ത്രിമാരെ കോടതികള്‍ പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. പീപ്പിള്‍സ് പാര്‍ട്ടി നേതാവ് നത്തഫോങ് റുവെങ്പന്യാവുത് പരാജയം അംഗീകരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിക്ക് അവസരം നല്‍കണമെന്ന് വ്യക്തമാക്കുകയും ചെയ്തു.

രാജ്യമെമ്പാടുമുള്ള വോട്ടര്‍മാര്‍ ദേശീയ സുരക്ഷയെ പ്രധാന ആശങ്കയായി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കംബോഡിയന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം രണ്ടുതവണ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലുകളും മരണങ്ങളും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറി.

സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, കോവിഡിന് ശേഷം പുനരുജ്ജീവനം തേടുന്ന ടൂറിസം മേഖല, ദക്ഷിണേഷ്യയിലുടനീളം വ്യാപിച്ചു നില്‍ക്കുന്ന വന്‍തോതിലുള്ള സൈബര്‍ തട്ടിപ്പുകള്‍ എന്നിവയും പുതിയ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികളാണ്.

ഭൂംജൈത്തായ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണെങ്കിലും ശക്തമായ പ്രകടനം സഖ്യ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കാളിയായി മാറാന്‍ പാര്‍ട്ടിയെ സഹായിക്കും. മണ്ഡല സീറ്റുകളും പാര്‍ട്ടി- ലിസ്റ്റ് സീറ്റുകളും ചേര്‍ന്നതാണ് തായ്ലന്‍ഡിന്റെ തെരഞ്ഞെടുപ്പ് സംവിധാനം. സമീപകാലത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്‍ പ്രധാനമന്ത്രി പെയ്തോംഗ്താര്‍ന്‍ ഷിനാവാത്രയുടെ കാലത്ത് അതിര്‍ത്തി സംഘര്‍ഷം കൈകാര്യം ചെയ്തതിനെച്ചൊല്ലിയ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ ഫ്യൂ തായ് പാര്‍ട്ടിയാണ് ഏറ്റവും സാധ്യതയുള്ള സഖ്യകക്ഷിയെന്ന് വിലയിരുത്തപ്പെടുന്നു. തക്സിന്‍ ഷിനാവാത്രയുടെ മകളാണ് പെയ്തോംഗ്താര്‍ന്‍.

അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന തക്സിന്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നേരത്തെ തന്നെ മോചിതനാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. 2014ലെ സൈനിക അട്ടിമറിയ്ക്ക് ശേഷം സൈന്യപിന്തുണയോടെ തയ്യാറാക്കിയ ഭരണഘടനയുടെ കീഴിലാണ് തായ്ലന്‍ഡിന്റെ രാഷ്ട്രീയ സംവിധാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത സ്ഥാപനങ്ങള്‍ക്ക് വലിയ അധികാരം നല്‍കുന്ന ഈ ഭരണഘടന രാജ്യത്തിന്റെ അസ്ഥിര രാഷ്ട്രീയാവസ്ഥയ്ക്ക് കാരണമായി തുടരുന്നു.

തിരഞ്ഞെടുപ്പിനൊപ്പം, ഭരണഘടനാപരിഷ്‌കരണത്തെ അടിസ്ഥാനതത്വമായി പിന്തുടരണോ എന്നതിനെക്കുറിച്ചുള്ള ജനവിധിയും നടന്നു. എന്നാല്‍ വ്യക്തമായ ഭേദഗതികള്‍ ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.