ഓസ്‌ട്രേലിയയില്‍ വീണ്ടും വെടിവയ്പ്: ന്യൂ സൗത്ത് വെയില്‍സില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയയില്‍ വീണ്ടും വെടിവയ്പ്: ന്യൂ സൗത്ത് വെയില്‍സില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു


സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വീണ്ടും വെടിവയ്പ് സംഭവം. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റതായും മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ദേശീയ ദുഃഖദിനമായി ആചരിക്കുന്ന ദിനത്തിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച (ജനുവരി 22) വൈകിട്ട് 4.20ഓടെ സിഡ്‌നിയില്‍ നിന്ന് ഏകദേശം 611 കിലോമീറ്റര്‍ അകലെയുള്ള ലേക്ക് കാര്‍ജെല്ലിഗോ പട്ടണത്തിലാണ് വെടിവയ്പ് നടന്നത്. വാഹനത്തിലേക്ക് വെടിയുതിര്‍ന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.  ആക്രമണം നടത്തിയയാള്‍ സംഭവസ്ഥലത്ത് നിന്ന് പ്രാദേശിക കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണെന്നും ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് പൊലീസ് നിര്‍ദേശിച്ചതായും അസിസ്റ്റന്റ് കമ്മീഷണര്‍ ആന്‍ഡ്രൂ ഹോളണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാള്‍ക്ക് പരമാവധി നാല് തോക്കുകള്‍ മാത്രമേ കൈവശം വയ്ക്കാന്‍ അനുമതിയുള്ളൂ. കൂടാതെ ആയുധ ലൈസന്‍സ് കൈവശമുള്ളവര്‍ ഗണ്‍ ക്ലബ് അംഗത്വം നിലനിര്‍ത്തണമെന്നും നിയമമുണ്ടെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 1ന് ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂത മതോത്സവത്തിനിടെയായിരുന്നു ആക്രമണം. പിതാവും മകനുമായ സാജിദ് അക്രവും നവീദ് അക്രവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സാജിദിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയപ്പോള്‍, നവീദിനെ അറസ്റ്റ് ചെയ്തു. സംഭവം ഭീകരാക്രമണമായി പ്രഖ്യാപിച്ച പൊലീസ് നവീദിനെതിരെ 15 കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 59 കുറ്റങ്ങള്‍ ചുമത്തിയിരുന്നു.