ഒറ്റപ്പാലംകാരന്‍ അനില്‍ മേനോന്റെ ആകാശ കുതിപ്പ് ഇന്ന്; ബഹിരാകാശത്ത് മലയാളി സ്പര്‍ശനത്തിനു മണിക്കൂറുകള്‍ മാത്രം

ഒറ്റപ്പാലംകാരന്‍ അനില്‍ മേനോന്റെ ആകാശ കുതിപ്പ് ഇന്ന്; ബഹിരാകാശത്ത് മലയാളി സ്പര്‍ശനത്തിനു മണിക്കൂറുകള്‍ മാത്രം


ന്യൂയോര്‍ക്ക്: ലോക മലയാളികള്‍ക്ക് ഇത് ആഹ്‌ളാദ നിമിഷം. ഒരു മലയാളി ബഹിരാകാശത്തേക്ക് കുതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒറ്റപ്പാലം സ്വദേശി അനില്‍ മേനോനും സംഘവും ഇന്ത്യന്‍ സമയം രാത്രി 8.17 ന്  ബഹിരാകാശ കുതിപ്പിനു തുടക്കമിടും.


നാസ ആസ്ട്രനോട്ടായ അനില്‍ മേനോന്‍ എക്സ്പെഡിഷന്‍ 75ന്റെ ഭാഗമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്.റഷ്യയുടെ സോയൂസ്-2.1എ റോക്കറ്റില്‍ വിക്ഷേപിക്കുന്ന സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലൂടെയാണ് അനിലും സംഘവും യാത്ര തിരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം.


49കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പമാണ് യാത്ര തിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെ പുത്രനാണ് ഡോ. അനില്‍. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്സിലെ സേവനത്തിനിടയില്‍ ‘ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം’ എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.


2014-ല്‍ ഫ്ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്പേസ് എക്സില്‍ ചേര്‍ന്നു. സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്.