ഖമേനിയുടെ വധം: പാകിസ്ഥാനിൽ അക്രമം, 20 പേർ മരിച്ചു

ഖമേനിയുടെ വധം: പാകിസ്ഥാനിൽ അക്രമം, 20 പേർ മരിച്ചു


ഇസ്ലാമാബാദ്:  ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനിലുടനീളം ഉയർന്ന വ്യാപക പ്രതിഷേധം അക്രമത്തിലേക്ക് മാറി. ഞായറാഴ്ച നടന്ന സംഘർഷങ്ങളിൽ രാജ്യത്താകെ 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

കറാച്ചിയിൽ 10 പേരും വടക്കൻ സ്‌കാർദുവിൽ എട്ട് പേരും തലസ്ഥാനമായ ഇസ്ലാമാബാദിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. പ്രധാനമായും ഷിയ മുസ്ലിം സമൂഹാംഗങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങളിലാണ് സംഘർഷം രൂക്ഷമായത്. സുരക്ഷാസേന കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ചില സ്ഥലങ്ങളിൽ വെടിവെപ്പുണ്ടായതായി സാക്ഷികൾ പറഞ്ഞു.

ഇസ്ലാമാബാദിലെ പാർലമെന്റും വിദേശ സ്ഥാനപതികളും സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ മേഖലയ്ക്ക് സമീപം ആയിരക്കണക്കിന് പേർ ഒന്നിച്ചു ചേർന്നു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഖമേനിയുടെ ചിത്രങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ചിലർ നയതന്ത്ര മേഖലയിലേക്കു നീങ്ങാൻ ശ്രമിച്ചതോടെ സുരക്ഷാസേന തടഞ്ഞു. തുടർന്ന് സംഘർഷമുണ്ടായി.

കറാച്ചിയിൽ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന് സമീപം വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. ചിലർ ഗേറ്റുകൾ ചാടിക്കടന്ന് അകത്ത് കയറി കെട്ടിടത്തിന്റെ ജനലുകൾ തകർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി ഉത്തരവിട്ടു.

വടക്കൻ ഗിൽഗിറ്റ്-ബാൽട്ടിസ്ഥാനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി. സ്‌കാർദുവിൽ പ്രതിഷേധക്കാർ ഐക്യരാഷ്ട്ര സംഘടനയുടെ സൈനിക നിരീക്ഷണ ഓഫീസുകൾക്ക് തീ വെച്ചു. മറ്റു കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. അവിടെ മൂന്ന് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു.

ലാഹോറിലും അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിന് മുന്നിൽ പ്രതിഷേധം നടന്നു. പെഷാവർ, മുൽത്താൻ, ഫൈസലാബാദ് തുടങ്ങിയ നഗരങ്ങളിലും വലിയ റാലികൾ സംഘടിപ്പിച്ചു.

അമേരിക്ക-ഇസ്രായേൽ ആക്രമണത്തെ പാകിസ്ഥാൻ സർക്കാർ അപലപിച്ചു. എന്നാൽ തുടർന്ന് ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിച്ചതിനെയും വിമർശിച്ചു. സമാധാനപരമായ പ്രതിഷേധം നടത്തണമെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഖമേനിയുടെ വധത്തിൽ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. രാജ്യത്തലവന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി ഇഷഹാക് ദർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ച്ചിയുമായി ഫോണിൽ സംസാരിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇറാനുമായി 900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ വ്യാപാര-ഊർജ ബന്ധങ്ങൾ നിലനിർത്തുന്ന രാജ്യമാണ്. നിലവിലെ സാഹചര്യം മേഖലയിൽ കൂടുതൽ അസ്ഥിരതയ്ക്കിടയാക്കുമെന്ന ആശങ്ക ഉയരുകയാണ്.