ലണ്ടൻ: ബ്രിട്ടണിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ പുതിയ നേതാവായി ആൻഡി ബേൺഹാമിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇതോടെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേൽക്കും.
ലേബർ പാർട്ടിയുടെ പ്രത്യേക സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് ബേൺഹാമിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എതിരാളികളില്ലാതെയാണ് ബേൺഹാം നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രാഷ്ട്രീയ പ്രതിസന്ധികളെയും വിവാദങ്ങളെയും തുടർന്നാണ് കെയർ സ്റ്റാർമർ കഴിഞ്ഞ മാസം പ്രധാനമന്ത്രി സ്ഥാനവും പാർട്ടി നേതൃത്വവും രാജിവെച്ചത്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയതിനാൽ പുതിയ പാർട്ടി നേതാവ് ദേശീയ തെരഞ്ഞെടുപ്പില്ലാതെ തന്നെ പ്രധാനമന്ത്രിയാകും.
ഒമ്പത് വർഷത്തെ ഇടവേളയ്ക്കുശേഷം നാല് ആഴ്ച മുമ്പാണ് ബേൺഹാം വീണ്ടും പാർലമെന്റിലേക്ക് തിരിച്ചെത്തിയത്. സ്റ്റാർമറുടെ പിൻഗാമിയാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായി തുടർച്ചയായി മൂന്ന് തവണ വിജയിച്ചതിനെ തുടർന്ന് 'കിങ് ഓഫ് ദി നോർത്ത്' എന്ന വിശേഷണം നേടിയ ബേൺഹാം, പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ നഗരങ്ങൾക്ക് കൂടുതൽ അധികാരവും വികസന സാധ്യതകളും നൽകുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
2010ലും 2015ലും ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ട ബേൺഹാം, മൂന്നാം ശ്രമത്തിലാണ് നേതൃപദവി സ്വന്തമാക്കിയത്. പാർട്ടിയിലെ 403 എംപിമാരിൽ 379 പേരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു.
അതേസമയം, ദുർബലമായ സമ്പദ്‌വ്യവസ്ഥ, വർധിച്ച സർക്കാർ കടബാധ്യത, ചെറുബോട്ടുകളിലൂടെ എത്തുന്ന അനധികൃത കുടിയേറ്റം, അമേരിക്ക–ഇറാൻ സംഘർഷത്തെ തുടർന്നുള്ള ഊർജവിലയിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികളാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.
രാജ്യത്തലവനായ ചാൾസ് മൂന്നാമനെ സന്ദർശിച്ച ശേഷമായിരിക്കും ബേൺഹാം ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനമേൽക്കുക. 2024ലെ ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും പ്രധാന നികുതികൾ വർധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മേഖലയിലെ ധനക്കമ്മിയും ക്ഷേമപദ്ധതി പരിഷ്‌കാരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളും പുതിയ സർക്കാരിന്റെ പ്രധാന വെല്ലുവിളികളായിരിക്കും.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം; ഒരു പതിറ്റാണ്ടിനിടെ രാജ്യത്തിന് ഏഴാമത്തെ പ്രധാനമന്ത്രി
