ലണ്ടന്‍: എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍- വിന്‍ഡ്‌സര്‍ പൊതുപദവി ദുരുപയോഗം നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായി. തെംസ് വാലി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അന്വേഷണത്തിന്റെ ഭാഗമായി നോര്‍ഫോക്കില്‍ നിന്നും പൊതുപദവി ദുരുപയോഗം നടത്തിയെന്ന സംശയത്തെ അടിസ്ഥാനമാക്കി അറസ്റ്റുചെയ്തതായി അറിയിച്ചു. ബര്‍ക്ക്ഷയര്‍, നോര്‍ഫോക്ക് എന്നിവിടങ്ങളിലെ വിലാസങ്ങളില്‍ പരിശോധന നടത്തിവരുന്നു. ഇദ്ദേഹം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അറസ്റ്റിലായ വ്യക്തിയുടെ പേര് പുറത്തുവിടുന്നതല്ല. കേസ് ഇപ്പോള്‍ സജീവമായതിനാല്‍ കോടതിയലക്ഷ്യം ഒഴിവാക്കുന്നതിന് പ്രസിദ്ധീകരണങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ആന്‍ഡ്രൂ തന്റെ 66-ാം ജന്മദിനത്തിലാണ് അറസ്റ്റിലായത്.
വലിയ വിലയിരുത്തലുകള്‍ നടത്തിയതിന് ശേഷം പൊതുപദവിയിലെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ഒലിവര്‍ റൈറ്റ് പറഞ്ഞു. അന്വേഷണത്തിന്റെ വിശ്വാസ്യതയും വസ്തുനിഷ്ഠതയും സംരക്ഷിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്നും കേസില്‍ പൊതുജനങ്ങള്‍ക്ക് വലിയ താത്പര്യമുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും അനുയോജ്യമായ സമയത്ത് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അവ നല്‍കണമെന്നും അത് ആന്‍ഡ്രൂ ആയാലും മറ്റാരെങ്കിലും ആയാലും ബന്ധപ്പെട്ട വിവരങ്ങളുള്ളവര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നോട്ട് വരണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പറഞ്ഞു: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെങ്കില്‍ ആരായാലും അത് അറിയിക്കേണ്ടത് അവരുടെ കടമയാണെന്നും നമ്മുടെ നിയമ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണെന്നും എല്ലാവരും നിയമത്തിന് മുമ്പില്‍ സമാനരാണെന്നും ആരും നിയമത്തിന് മുകളിലല്ലെന്നും ഈ തത്വം എല്ലാ കേസുകളിലും പോലെ ഈ കേസിലും പ്രയോഗിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച എടുത്ത ചിത്രങ്ങളില്‍ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമില്‍ അടയാളങ്ങളില്ലാത്ത പൊലീസ് വാഹനങ്ങളും സാധാരണ വേഷത്തിലുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നതായി കാണുന്നുണ്ട്. മുമ്പ് പ്രിന്‍സ് ആന്‍ഡ്രൂ എന്നറിയപ്പെട്ടിരുന്ന ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്‌സര്‍ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപസ്റ്റീന് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണങ്ങളാണ് അധികൃതര്‍ പരിശോധിക്കുന്നത്. ബ്രിട്ടനിലേക്ക് ഒരു സ്ത്രീയെ ലൈംഗിക കൂടിക്കാഴ്ചയ്ക്കായി കടത്തിക്കൊണ്ടുവന്നെന്ന ആരോപണവും പല വിവരങ്ങളും വെളിപ്പെടുത്തിയെന്ന ആരോപണവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
