ആംസ്റ്റർഡാം: നെതർലൻഡ്‌സിൽ ഉണ്ടായ അതിശക്തമായ ഇടിമിന്നൽ തരംഗം. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം മിന്നൽപ്പാച്ചിലുകളാണ് രേഖപ്പെടുത്തിയത്. തലസ്ഥാനമായ ആംസ്റ്റർഡാമിൽ മണിക്കൂറുകളോളം തുടർച്ചയായി മിന്നൽ തെളിഞ്ഞതോടെ ആകാശം വയലറ്റ് നിറത്തിൽ തിളങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
റോയൽ നെതർലൻഡ്‌സ് കാലാവസ്ഥാ ഇൻസ്റ്റിറ്റിയൂട്ട് (KNMI) പ്രകാരം, ഇടിവെട്ടലുകളുടെ ഏറ്റവും ശക്തമായ ഘട്ടത്തിൽ വെറും 30 മിനിറ്റിനിടെ നെതർലൻഡ്‌സിലും വടക്കൻ ജർമനിയിലുമായി 30,000 മിന്നൽപ്പാച്ചിലുകളാണ് ഉണ്ടായത്. അതായത്, ഓരോ സെക്കൻഡിലും ശരാശരി 17 മിന്നൽപ്പാച്ചിലുകൾ വീതം. ഇത്രയും തീവ്രതയുള്ള സംഭവം അപൂർവമാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
യൂറോപ്പിലാകെ അനുഭവപ്പെട്ട അതിശക്തമായ ഉഷ്ണതരംഗമാണ് കൊടുങ്കാറ്റിന് പ്രധാന കാരണം. നെതർലൻഡ്‌സിൽ ചരിത്രത്തിലാദ്യമായി 'കോഡ് റെഡ്' ചൂട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ, പല പ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലും ചിലയിടങ്ങളിൽ 40 ഡിഗ്രിയോടടുത്തുമെത്തിയിരുന്നു.
തുടർന്ന് തണുത്ത വായു കടന്നെത്തി ചൂടും ഈർപ്പവും നിറഞ്ഞ വായുവുമായി കൂട്ടിയിടിച്ചതോടെയാണ് അതിശക്തമായ ഇടിമിന്നലും കനത്ത മഴയും രൂപപ്പെട്ടത്. തുടർന്ന് അധികൃതർ 'കോഡ് ഓറഞ്ച്' കാലാവസ്ഥാ മുന്നറിയിപ്പും പുറപ്പെടുവിച്ചു.
കൊടുങ്കാറ്റിൽ ഗ്രോണിങൻ പ്രവിശ്യയിലെ ടൂർൻവെർഡ് ഗ്രാമത്തിൽ മിന്നലേറ്റ് രണ്ട് കിടാവുകൾ ചത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽപാതകളിൽ മരങ്ങൾ വീണതും വൈദ്യുത തകരാറുകളും ഉണ്ടായതിനെ തുടർന്ന് നിരവധി ട്രെയിൻ സർവീസുകൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
നെതർലൻഡ്‌സിൽ അപൂർവ ഇടിമിന്നൽ, കൊടുങ്കാറ്റ്; 24 മണിക്കൂറിൽ മൂന്ന് ലക്ഷം മിന്നൽപ്പാച്ചിൽ
