വാഷിങ്ടണ്‍: ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനത്തില്‍ ഉണ്ടായ ആത്മഹത്യാ ഭീകരാക്രമണശ്രമം തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിന്റെ ധീരതയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആദരം. അപൂര്‍വമായ നടപടിയായി ഇന്ത്യന്‍ പൗരനായ പൈലറ്റിനെ അഭിനന്ദിച്ച് യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സംയുക്തമായി പ്രമേയം അവതരിപ്പിച്ചു.
ന്യൂജേഴ്സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഗോട്ട്ഹൈമറാണ് തിങ്കളാഴ്ച പ്രമേയം അവതരിപ്പിച്ചത്. ടെക്സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കല്‍ മക്കോള്‍, നെബ്രാസ്കയില്‍ നിന്നുള്ള ഡോണ്‍ ബേക്കണ്‍ എന്നിവര്‍ പ്രമേയത്തിന്റെ സഹപ്രായോജകരാണ്.
വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രക്കാരുടെയും ജീവന് സംരക്ഷിക്കുന്നതില്‍ ക്യാപ്റ്റന്‍ മച്ച്ഛര്‍ കാട്ടിയ അസാധാരണ ധീരതയെ പ്രമേയം പ്രത്യേകം പ്രശംസിക്കുന്നു. ആക്രമണശ്രമത്തിനിടെ വിമാനത്തിന്റെ കോക്പിറ്റ് സുരക്ഷിതമാക്കാനും വിമാനം സുരക്ഷിതമായി നിലത്തിറക്കാനും സഹായിച്ച ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍, ക്യാബിന് ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരെയും അഭിനന്ദിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
സംഭവത്തെ അന്താരാഷ്ട്ര വ്യോമയാന സുരക്ഷയ്ക്കെതിരായ ഭീകരാക്രമണമായി അപലപിക്കണമെന്നും സംഭവത്തില്‍ സൗദി അറേബ്യയും യുഎഇയും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യ-അമേരിക്ക-ഇസ്രയേല്‍ ബന്ധത്തിന് പുതിയൊരു പാലം
ക്യാപ്റ്റന്‍ മച്ച്ഛറിന്റെ ധീരത ഇന്ത്യ, അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തിന് പുതിയൊരു മാനുഷിക മുഖം നല്‍കുന്നതായാണ് വിലയിരുത്തല്‍. വിവിധ വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യന്‍ പൈലറ്റിന്റെ ധീരമായ ഇടപെടലിന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിച്ച അംഗീകാരം ശ്രദ്ധേയമായി.
ദേശീയ സുരക്ഷ, ഇസ്രയേല്‍ വിഷയങ്ങള്‍, ഉഭയകക്ഷി സഹകരണം എന്നിവയില്‍ സജീവമായി ഇടപെടുന്ന ഗോട്ട്ഹൈമര്, യുഎസ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ആന്‍ഡ് സൈബര്‍ സബ്കമ്മിറ്റിയിലെ റാങ്കിങ് അംഗമാണ്. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെയും കോണ്‍ഗ്രസ് കാക്കസിലും അദ്ദേഹം അംഗമാണ്.
ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വ്യാപാര, താരിഫ് വിഷയങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയാകുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റിന്റെ ധീരതയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഈ അംഗീകാരം. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കപ്പുറം മനുഷ്യജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും അപകടത്തിലാക്കിയ ഒരു ഇന്ത്യന്‍ പൗരന്റെ ധീരതയ്ക്ക് അമേരിക്കയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിച്ച അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യന്‍ പൈലറ്റിന്റെ ധീരതയ്ക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആദരം; ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിനെ അഭിനന്ദിച്ച് പ്രമേയം
