മിഡില്‍ ഈസ്റ്റില്‍ കുടുങ്ങി അമേരിക്കന്‍ പൗരന്മാര്‍; സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് പരാതി

മിഡില്‍ ഈസ്റ്റില്‍ കുടുങ്ങി അമേരിക്കന്‍ പൗരന്മാര്‍;  സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് പരാതി


റിയാദ്: ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിനായിരക്കണക്കിന് അമേരിക്കക്കാരാണ് കുടുങ്ങിയതെങ്കിലും ഇവര്‍ക്കാവശ്യമായ സഹായങ്ങളൊന്നും തങ്ങളുടെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്ന് പരാതി. മേഖലയില്‍ പല രാജ്യങ്ങളും വ്യോമപാതകള്‍ അടച്ചതിന് ശേഷമാണ് അമേരിക്കന്‍ സര്‍ക്കാര്‍ അവിടെയുള്ള പൗരന്മാരോട് പ്രദേശം വിടാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറാനെതിരെ യു എസും ഇസ്രായേലും ആക്രമണം ആരംഭിച്ചതോടെ 24,000 അമേരിക്കക്കാര്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് മടങ്ങിയിട്ടുണ്ടെന്നും ഇവരില്‍ ഏകദേശം 13,000 പേര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ സഹായം ലഭിച്ചതായും അതില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച എവാക്വേഷന്‍ വിമാനങ്ങളും ഉള്‍പ്പെടുന്നുവെന്നുമാണ് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

പ്രദേശം വിടാന്‍ ആഗ്രഹിക്കുന്ന ഓരോ അമേരിക്കക്കാരെയും നാട്ടിലേക്ക് എത്തിക്കുന്നതുവരെ lങ്ങള്‍ വിശ്രമിക്കില്ലെന്നും അതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവായ ടോമി പിഗോട്ട് പറഞ്ഞത്. 

എന്നാല്‍ പല അമേരിക്കക്കാര്‍ക്കും ഇപ്പോഴും മടങ്ങാന്‍ സാധിച്ചിട്ടില്ല. ചിലര്‍ക്ക് സ്വയം മാര്‍ഗം കണ്ടെത്തിയാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക് പോലുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുകയായിരുന്നുവെന്നും എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇതൊന്നും ചെയ്തില്ലെന്നും ഇത് വളരെ നിരാശാജനകമാണെന്നും വിരമിച്ച യു എസ് സൈനിക ഉദ്യോഗസ്ഥനായ റാണ്ടി മാന്നര്‍  പറഞ്ഞു.

മിസൈലുകളും ഡ്രോണുകളും സഞ്ചരിക്കുന്ന യുദ്ധപ്രദേശത്തു നിന്ന് അമേരിക്കക്കാരെ പുറത്തുകൊണ്ടുവരാനുള്ള വലിയ ദൗത്യമാണ് ട്രംപ് ഭരണകൂടത്തിന് മുമ്പിലുള്ളത്. 

ഇറാന്റെ ആക്രമണങ്ങളില്‍ ചില അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങളും ലക്ഷ്യമാക്കിയിട്ടുണ്ട്. ചില എംബസികള്‍ അടച്ചിടേണ്ടി വന്നപ്പോള്‍ മറ്റുചിലത് കുറച്ച് ജീവനക്കാരുമായാണ് പ്രവര്‍ത്തനം നടത്തുന്നത്. 

പ്രദേശത്തെ അമേരിക്കന്‍ പൗരന്മാരെയും എംബസികളിലെ ജീവനക്കാരെയും അവസാന നിമിഷം മാത്രം പരിഗണിച്ചതുപോലെയാണ് തോന്നുന്നതെന്നും സാധാരണയായി കാര്യങ്ങള്‍ ഇങ്ങനെ നടക്കാറില്ലെന്നുമാണ് അമേരിക്കയുടെ മുന്‍ അംബാസഡറായ യേല്‍ ലെംപേര്‍ട്ട് പറഞ്ഞത്. 

ഇത്തരത്തില്‍ വന്‍തോതില്‍ ഒഴിപ്പിക്കല്‍ നടത്തിയതിന് യു എസിന് മുമ്പില്‍ വളരെ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതിന്റെ ഭാഗമായി ഏകദേശം 124,000 പേരെയാണ് കാബൂളില്‍ നിന്നും ഒഴിപ്പിച്ചത്. 

2006ല്‍ ലെബനോന്‍ യുദ്ധ ഒഴിപ്പിക്കലില്‍ ഏകദേശം 15,000 അമേരിക്കക്കാരെ ലെബനനില്‍ നിന്ന് പുറത്തുകൊണ്ടുവന്നു.

എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം കൂടുതല്‍ വലിയതാണ്, കാരണം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കക്കാര്‍ താമസിക്കുന്നുണ്ട്.

ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആദ്യം യാത്രാ തടസ്സങ്ങളും വ്യോമപാതകള്‍ അടച്ചേക്കാമെന്ന മുന്നറിയിപ്പും നല്‍കിയത്. പിന്നാലെയാണ് ഖത്തര്‍, ബഹറൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലെബനോന്‍, ഒമാന്‍, സൗദി അറേബ്യ, സിറിയ, യു എ ഇ, യമന്‍, ഇസ്രായേല്‍, പാലസ്തീന്‍ പ്രദേശങ്ങളില്‍ സുരക്ഷാ ഭീഷണികള്‍ ഉള്ളതിനാല്‍ ഉടന്‍ പുറപ്പെടണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ കോണ്‍സുലര്‍ കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി മോറ നംന്ദാര്‍ പ്രഖ്യാപിച്ചത്. മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചതനുസരിച്ച് പ്രദേശം വിടാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ക്കായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ ആരംഭിച്ചു. എന്നാല്‍ ആദ്യം വിളിച്ചവര്‍ക്ക് ലഭിച്ച ഓട്ടോമാറ്റിക് സന്ദേശത്തില്‍ ലഭിച്ചത് ഈ സമയത്ത് യു എസ് സര്‍ക്കാരിന്റെ സഹായത്തോടെ ഒഴിപ്പിക്കലിന് ആശ്രയിക്കരുത് എന്നായിരുന്നു. പിന്നീട് ഈ സന്ദേശം മാറ്റി. അതിനുശേഷമാണ് യു എ ഇ, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കിയത്. ബുധനാഴ്ച ആദ്യ വിമാനങ്ങള്‍ പുറപ്പെടുകയും വെള്ളിയാഴ്ചയോടെ നൂറുകണക്കിന് ആളുകളുമായി നിരവധി വിമാനങ്ങള്‍ അമേരിക്കയില്‍ തിരിച്ചെത്തുകയും ചെയ്തു.