ലയനം പൂർത്തിയാക്കി അല്ലെജിയന്റ് എയറും സൺ കൺട്രിയും; ബജറ്റ് എയർലൈൻ തുടരുമെന്ന് അല്ലെജിയന്റ്

ലയനം പൂർത്തിയാക്കി അല്ലെജിയന്റ് എയറും സൺ കൺട്രിയും; ബജറ്റ് എയർലൈൻ തുടരുമെന്ന് അല്ലെജിയന്റ്


ലാസ് വേ​ഗാസ് (എ.പി): കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ സൺ കൺട്രി എയറിനെ അല്ലെജിയന്റ് എയറുമായി സംയോജിപ്പിക്കുന്നതിനുള്ള കരാ‍ർ അന്തിമമാക്കിയതായി അല്ലെജിയന്റ് സി.ഇ.ഒ ​ഗ്രെ​ഗ് ആൻഡേഴ്സൺ. മുമ്പുണ്ടായിരുന്നതുപോലെ കുറഞ്ഞ നിരക്കിലുള്ള ബജറ്റ് എയർലൈൻ വ്യവസായം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെറ്റ് ഇന്ധനവിലയിൽ കുത്തനെ വർദ്ധനവുണ്ടാകുകയും ബജറ്റ് എയർലൈൻ വ്യവസായം പ്രതിസന്ധിയിലാകുകയും എതിരാളിയായ സ്പിരിറ്റ് എയർലൈൻസ് അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

എല്ലാ റെ​ഗുലേറ്ററി, ഓഹരി ഉടമകളുടെയും ആവശ്യമായ അം​ഗീകാരം ലഭ്യമാക്കിയതിന് ശേഷമാണ് ഇടപാടുകൾ അവസാനിപ്പിച്ചതെന്ന് ലാസ് വേ​ഗാസ് ആസ്ഥാനമായുള്ള അല്ലെജിയന്റ് അധികൃതർ പറഞ്ഞു. കരാർ ആദ്യമായി ജനുവരിയിൽ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്ന കടം ഉൾപ്പെടെയുള്ള ഏകദേശം 1.5 ബില്യൺ ഡോളറിന്റെ ഇടപാടുകളാണ് പൂർത്തിയാക്കിയത്. 

പശ്ചിമേഷ്യൻ യുദ്ധം മൂലം ജെറ്റ് ഇന്ധന വിലയിൽ കുത്തനെ വർ‌ദ്ധനവുണ്ടാകുകയും വിമാനനിരക്ക് ​ഗണ്യമായി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന രണ്ട് കമ്പനികൾ സംയോജിപ്പിച്ചിരിക്കുന്നത്. പ്രതിസന്ധി ഇതേരീതിയിൽ തുടരുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ ഇവയ്ക്ക് എങ്ങനെ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.