വാണിജ്യ രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപണം; ഓപ്പണ്‍എഐക്കെതിരെ ആപ്പിളിന്റെ കേസ്

വാണിജ്യ രഹസ്യങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപണം; ഓപ്പണ്‍എഐക്കെതിരെ ആപ്പിളിന്റെ കേസ്


കാലിഫോര്‍ണിയ: നിര്‍മിത ബുദ്ധി അധിഷ്ഠിത ഉപഭോക്തൃ ഹാര്‍ഡ്വെയര്‍ വിപണിയില്‍ മേല്‍ക്കൈ നേടുന്നതിന് കമ്പനിയുടെ വാണിജ്യ രഹസ്യങ്ങള്‍ അനധികൃതമായി കൈക്കലാക്കിയെന്നാരോപിച്ച് ആപ്പിള്‍ ഓപ്പണ്‍എഐയ്ക്കും കമ്പനിയിലെ മുന്‍ ജീവനക്കാരായ രണ്ടുപേര്‍ക്കുമെതിരെ കോടതിയെ സമീപിച്ചു. ഇരു സാങ്കേതിക കമ്പനികളും തമ്മിലുള്ള മത്സരം പുതിയ തലത്തിലേക്ക് കടന്നതിന്റെ സൂചനയായാണ് ഈ നിയമനടപടി വിലയിരുത്തപ്പെടുന്നത്.

കാലിഫോര്‍ണിയയിലെ യു എസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ജീവനക്കാരെയും നിയമന നടപടികളെയും വിതരണ ശൃംഖലയിലെ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തി ആപ്പിളിന്റെ രഹസ്യ വിവരങ്ങള്‍ ആസൂത്രിതമായി ശേഖരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍ ഓപ്പണ്‍എഐ ശ്രമിച്ചെന്നാണ് ആപ്പിളിന്റെ ആരോപണം.

ഉപഭോക്തൃ ഹാര്‍ഡ്വെയര്‍ രംഗത്തേക്കുള്ള ഓപ്പണ്‍എഐയുടെ പ്രവേശനം വേഗത്തിലാക്കാനാണ് ഈ വിവരങ്ങള്‍ ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഐഫോണിന് വെല്ലുവിളിയാകുന്ന തരത്തില്‍ എ ഐ അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ മറ്റൊരു ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഓപ്പണ്‍എഐയെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് കേസ്.

പരമ്പരാഗത ആപ്പുകളെയും ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയും ആശ്രയിക്കാത്ത പുതിയ തലമുറ എ ഐ ഉപകരണങ്ങളുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള വലിയ നിയമപോരാട്ടത്തിന് ഈ കേസ് വഴിതെളിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അത്തരം ഉപകരണങ്ങള്‍ വ്യാപകമായാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധ ആപ്പിളിന്റെ പ്രധാന ഉത്പന്നങ്ങളായ ഐഫോണുകളില്‍ നിന്ന് മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സിന്റെ അന്വേഷണങ്ങളോട് ഓപ്പണ്‍എഐ മറുപടി നല്‍കിയിട്ടില്ല. എ ഐ രംഗത്തെ മത്സരം ശക്തമാകുന്നതിനിടെ പ്രതിഭകളെയും സാങ്കേതികവിദ്യയെയും സ്വന്തമാക്കാനുള്ള പോരാട്ടം ഇരുകമ്പനികളും ശക്തമാക്കിയിരിക്കുന്നുവെന്നാണ് ഈ നിയമനടപടി വ്യക്തമാക്കുന്നത്.

ഓപ്പണ്‍എഐ ഇതുവരെ ആപ്പിളിന്റെ പങ്കാളിയായിരുന്നെങ്കിലും ഇപ്പോള്‍ ശക്തമായ എതിരാളിയായി മാറുകയാണെന്ന് പി പി ഫോഴ്സൈറ്റ് അനലിസ്റ്റ് പൗലോ പെസ്‌കറ്റോറെ അഭിപ്രായപ്പെട്ടു. അതേസമയം, ഐഫോണിനെ ആശ്രയിക്കുന്നത് കുറച്ച് ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനാണ് ഓപ്പണ്‍എഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഒടുവില്‍ തെളിയിക്കപ്പെടാതിരുന്നാല്‍ പോലും കേസ് ഓപ്പണ്‍എഐയുടെ ഹാര്‍ഡ്വെയര്‍ പദ്ധതികള്‍ വൈകിപ്പിക്കാനും ഇരു കമ്പനികളുടെയും ബന്ധം കൂടുതല്‍ വഷളാക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.