വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'യഥാര്‍ത്ഥ കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നത് വരെ അമേരിക്കന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആയുധങ്ങളും സൈനികരും ഇറാന്‍ പരിസരത്ത് തുടരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാറിന്റെ വ്യാഖ്യാനത്തില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപ് 'യഥാര്‍ത്ഥ കരാര്‍' എന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കിയത്. കരാര്‍ പാലിക്കപ്പെടില്ലെങ്കില്‍ 'ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ സൈനിക നടപടി' ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന ഇറാന്റെ സൂചനകളെയും ട്രംപ് പരാമര്‍ശിച്ചു. ഈ കടലിടുക്ക് തുറന്നും സുരക്ഷിതവുമായിരിക്കണമെന്ന് കരാറില്‍ വ്യക്തമായുണ്ടെന്നും, ആ വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആണവായുധ നിര്‍മ്മാണം അനുവദിക്കില്ലെന്നതും അമേരിക്കയുടെ പ്രധാന നിബന്ധനയായി തുടരുന്നു.
ഇതിനിടെ, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരായ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഇതിന് പകരമായി ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. ഇറാന്‍ ഇതിന് അനുകൂലമായി പ്രതികരിക്കുകയും, 10 പോയിന്റ് നിര്‍ദ്ദേശവും അമേരിക്കയുടെ 15 പോയിന്റ് ചട്ടക്കൂടും അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അറിയിച്ചു.
വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതില്‍ പാകിസ്ഥാന്‍ പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് ട്രംപ് നന്ദി അറിയിച്ചു.
വെടിനിര്‍ത്തലിനെ 'ലോക സമാധാനത്തിനുള്ള മഹത്തായ ദിവസം' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നും വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ അമേരിക്ക സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലെബനന്‍ വിഷയത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും, അവിടെയുള്ള സൈനിക നടപടികള്‍ തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ നിര്‍ദ്ദേശത്തില്‍ ലെബനന്‍ ഉള്‍പ്പെട്ടതാണെന്നാണ് അവകാശവാദം.
ഇതോടെ വെടിനിര്‍ത്തല്‍ കരാറിന്റെ വിവിധ വ്യാഖ്യാനങ്ങള്‍ തുടരുന്നതിനിടെ, തുടര്‍ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
വെടിനിര്‍ത്തലിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി'
