ന്യൂഡല്‍ഹി: എബോള വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുജനാരോഗ്യ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്ന് 'എയര്‍ സുവിധ 2.0' എന്ന നവീകരിച്ച കോണ്ടാക്റ്റ്ലെസ് യാത്രക്കാരുടെ ആരോഗ്യ സ്വയംപ്രഖ്യാപന പോര്‍ട്ടല്‍ ആരംഭിച്ചു.
ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ഓണ്‍ലൈനായി ഹെല്‍ത്ത് സെല്‍ഫ്-ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
യാത്രക്കാരുടെ ആരോഗ്യപരിശോധനയും ഇമിഗ്രേഷന്‍ നടപടിക്രമങ്ങളും കൂടുതല്‍ വേഗത്തിലും തടസ്സരഹിതമായും സമ്പര്‍ക്കരഹിതമായും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ഫോം സമര്‍പ്പിക്കാം.
കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങള്‍, എബോള ബാധിത പ്രദേശങ്ങളുമായുള്ള സമ്പര്‍ക്ക സാധ്യത, രോഗലക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എയര്‍ സുവിധ 2.0 പോര്‍ട്ടല്‍: https://airsuvidha.civilaviation.gov.in
