പാരിസ്: 2009ൽ 228 പേരുടെ ജീവനെടുത്ത എയർ ഫ്രാൻസ് 447 വിമാന ദുരന്തക്കേസിൽ എയർ ഫ്രാൻസിനെയും എയർബസിനെയും കുറ്റക്കാരെന്ന് കണ്ടെത്തി ഫ്രാൻസിലെ പാരിസ് അപ്പീൽ കോടതി. മനുഷ്യപിഴവിനും സുരക്ഷാ വീഴ്ചകൾക്കും ഉത്തരവാദികളായതിനാലാണ് ഇരുകമ്പനികൾക്കുമെതിരെ കോടതി നരഹത്യക്കുറ്റം വിധിച്ചത്.
എയർ ഫ്രാൻസിന്റെ എഎഫ്447 വിമാനം ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്ന് പാരിസിലേക്കുള്ള യാത്രയ്ക്കിടെയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 228 പേരും മരിച്ചു.
വിമാനത്തിന്റെ വേഗത അളക്കുന്ന സെൻസറുകളിലുണ്ടായ തകരാറും അതിനെത്തുടർന്നുണ്ടായ നിയന്ത്രണ നഷ്ടവുമാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കോടതിയുടെ വിലയിരുത്തൽ.
ദുരന്തത്തിന് പിന്നാലെ വർഷങ്ങളോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ നിർണായക വിധി പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി ഇത് നീതിയിലേക്കുള്ള വലിയ മന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു.
എയർ ഫ്രാൻസ് 447 ദുരന്തം; എയർബസും എയർ ഫ്രാൻസും കുറ്റക്കാർ; വിധി 17 വർഷങ്ങൾക്ക് ശേഷം
