പാകിസ്ഥാനില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു

പാകിസ്ഥാനില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന വിമാനം പഞ്ചാബ് പ്രവിശ്യയില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഹോംഗ്ഡു ജെ എല്‍-8 പരിശീലന ജെറ്റാണ് മിയാന്‍വാലിക്ക് സമീപം അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്കു ചാടിയതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടസ്ഥലത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ടുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അപകടകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ വ്യോമസേന ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. പൈലറ്റുമാരുടെ ആരോഗ്യനില സംബന്ധിച്ചും വ്യക്തമായ വിവരമില്ല. ചില സമൂഹമാധ്യമ പോസ്റ്റുകള്‍ പ്രകാരം പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയ പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

പതിവ് പരിശീലന ദൗത്യത്തിനിടെയാണ് വിമാനം തകര്‍ന്നതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ എഞ്ചിനിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.