പാരിസ്: ഗാസയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 'ബോർഡ് ഓഫ് പീസ്' എന്ന സമാധാനസംരംഭത്തിലേക്ക് ഫ്രാൻസിനെ ക്ഷണിച്ചതിന് പിന്നാലെ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറോടുള്ള പ്രതിബദ്ധത ശക്തമായി ആവർത്തിച്ച് ഫ്രാൻസ്. യു.എൻ. ചാർട്ടറാണ് ഫലപ്രദമായ ബഹുപക്ഷ സഹകരണത്തിന്റെ അടിസ്ഥാനമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസാ സാഹചര്യത്തിനപ്പുറം വ്യാപിക്കുന്ന പദ്ധതിയാണു ട്രംപ് മുന്നോട്ടുവച്ച പുതിയ സമാധാനബോർഡിന്റെ ആശയം എന്നാണ് ഫ്രാൻസിന്റെ വിലയിരുത്തൽ. ഈ നിർദേശം ഇപ്പോൾ പഠിച്ചുവരികയാണെന്നും, എന്നാൽ ഐക്യരാഷ്ട്രസഭയെ മറികടക്കുന്ന ഏതൊരു സംവിധാനത്തോടും ഫ്രാൻസ് ജാഗ്രത പുലർത്തുമെന്നും മന്ത്രാലയം അറിയിച്ചു.
യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയാണ് ഈ പ്രതികരണം. ഗ്രീൻലാൻഡിനെ അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ എതിർത്താൽ കടുത്ത തീരുവകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി സ്ഥിതി വഷളാക്കിയിട്ടുണ്ട്. ഇതിന് മറുപടിയായി, അമേരിക്ക സാമ്പത്തിക സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ യൂറോപ്യൻ യൂണിയന്റെ 'ആന്റികോർഷൻ ഇൻസ്ട്രുമെന്റ്' (ACI) പ്രയോഗിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിലപാട് സ്വീകരിച്ചു.
ഡോണൾഡ് ട്രംപിന്റെ സമാധാനനീക്കം ഐക്യരാഷ്ട്രസഭയ്ക്ക് പകരമായ അമേരിക്കാ കേന്ദ്രികൃത സംവിധാനമാകുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്. ആഗോള തീരുമാനങ്ങൾ വാഷിംഗ്ടണിന്റെ നിയന്ത്രണത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെടുമെന്ന വിമർശനവും ശക്തമാണ്.
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾ 'അപകടകരമായ കളി' കളിക്കുകയാണെന്ന ട്രംപിന്റെ ആരോപണവും നാറ്റോ സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചു. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുകെ, നെതർലൻഡ്‌സ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളെ ട്രംപ് വിമർശിച്ചു.
മിക്ക യൂറോപ്യൻ രാജ്യങ്ങളും സംയമിത പ്രതികരണമാണ് സ്വീകരിച്ചതെങ്കിലും, ഫ്രാൻസ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. റഷ്യ യുക്രെയ്‌നിൽ നടത്തുന്ന നടപടികളോടു ട്രംപിന്റെ ഭീഷണികളെ ഉപമിച്ചാണ് മാക്രോണിന്റെ പ്രതികരണം. 'ഉക്രെയ്‌നായാലും ഗ്രീൻലാൻഡായാലും ലോകത്തിന്റെ മറ്റെവിടെയായാലും ഭീഷണിയിലൂടെയോ സമ്മർദ്ദത്തിലൂടെയോ ഞങ്ങളെ സ്വാധീനിക്കാൻ ആരെയും അനുവദിക്കില്ല,' മാക്രോൺ സാമൂഹിക മാധ്യമത്തിൽ വ്യക്തമാക്കി.
നേറ്റോ സഖ്യത്തിനുള്ളിൽ തന്നെ നിലനിൽക്കുന്ന ഈ അഭിപ്രായവ്യത്യാസങ്ങൾ, പാശ്ചാത്യ ഐക്യത്തെ ദുർബലപ്പെടുത്തുമോ എന്ന ആശങ്കകളും ശക്തമാകുകയാണ്.
ട്രംപിന്റെ 'സമാധാന സമിതി'യിലേക്കുള്ള ക്ഷണം: യു.എൻ. ചാർട്ടറോടുള്ള പ്രതിബദ്ധത ആവർത്തിച്ച് ഫ്രാൻസ്
