ഖാലിദ സിയയുടെ മരണം; 'എന്റെ 31 വര്‍ഷത്തെ പ്രവാസ ശിക്ഷ അവസാനിക്കുമോ?' - തസ്‌ലിമ നസ്രീന്‍

ഖാലിദ സിയയുടെ മരണം; 'എന്റെ 31 വര്‍ഷത്തെ പ്രവാസ ശിക്ഷ അവസാനിക്കുമോ?' - തസ്‌ലിമ നസ്രീന്‍


ധാക്ക/ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വയം ഏര്‍പ്പെടുത്തിയ പ്രവാസജീവിതം നയിക്കുന്ന പ്രശസ്ത എഴുത്തുകാരി തസ്‌ലിമ നസ്രീന്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണത്തെ തുടര്‍ന്ന്, ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഖാലിദ സിയയുടെ ഭരണകാലത്ത് അഭിപ്രായസ്വാതന്ത്ര്യം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടുവെന്നും, തന്റെ പുസ്തകങ്ങള്‍ നിരോധിക്കുകയും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും തസ്‌ലിമ ആരോപിച്ചു.

സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍, 'ഖാലിദ സിയയുടെ മരണത്തോടെ എന്റെ 31 വര്‍ഷത്തെ പ്രവാസ ശിക്ഷ അവസാനിക്കുമോ?' എന്ന ചോദ്യമാണ് തസ്‌ലിമ ഉയര്‍ത്തിയത്. മതതീവ്രവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങി 1994ല്‍ 'മതവികാരം വ്രണപ്പെടുത്തി' എന്ന പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചതും ഖാലിദ സിയയുടെ ഭരണകാലത്താണെന്ന് തസ്‌ലിമ കുറിച്ചു.
'ഒരു സ്വതന്ത്രചിന്തകയെയും മാനവികതയും ഫെമിനിസവും ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരിയെയും സ്വന്തം രാജ്യത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു അവര്‍,' തസ്‌ലിമ ആരോപിച്ചു.

ഖാലിദ സിയയുടെ ഭരണകാലത്ത് തന്റെ നിരവധി കൃതികള്‍ നിരോധിക്കപ്പെട്ടുവെന്നും ആ നിരോധനങ്ങള്‍ പിന്‍വലിക്കപ്പെടണമെന്നും തസ്‌ലിമ ആവശ്യപ്പെട്ടു. 'ലജ്ജ' (1993), 'ഉതല്‍ ഹവ' (2002), 'കാ' (2003), 'Those Dark Days' (2004) എന്നീ കൃതികള്‍ ഖാലിദ സിയയുടെ കാലത്താണ് നിരോധിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'അവരുടെ മരണത്തോടെ എങ്കിലും ഈ നിരോധനങ്ങള്‍ അവസാനിക്കണം. ബംഗ്ലാദേശ് അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്ന വഴിയിലേക്ക് തിരിയണം,' തസ്‌ലിമ പറഞ്ഞു.

1994ല്‍ മതമൗലികവാദ ഗ്രൂപ്പുകളില്‍ നിന്ന് തുടര്‍ച്ചയായ വധഭീഷണികള്‍ നേരിട്ടതിനെ തുടര്‍ന്ന് തസ്‌ലിമ രാജ്യം വിട്ടിരുന്നു. പിന്നീട് ഇന്ത്യയിലും യൂറോപ്പിലും പ്രവാസജീവിതം തുടരുകയായിരുന്നു.

ഖാലിദ സിയയുടെ രാഷ്ട്രീയജീവിതത്തെ കുറിച്ചും തസ്‌ലിമ പരാമര്‍ശിച്ചു. 'ഒരു വീട്ടമ്മയില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്കുള്ള ഉയര്‍ച്ച അവര്‍ നേടിയെടുത്തു. പത്ത് വര്‍ഷം രാജ്യത്തെ ഭരിച്ചു. ദീര്‍ഘവും വിജയകരവുമായ ജീവിതമാണ് അവര്‍ നയിച്ചത്. 1981ന് ശേഷം, ഷെയ്ഖ് ഹസീന ജയിലിലടച്ച രണ്ട് വര്‍ഷങ്ങള്‍ ഒഴിച്ചാല്‍, അവര്‍ വലിയ ദുരിതങ്ങള്‍ അനുഭവിച്ചില്ല,' തസ്‌ലിമ പറഞ്ഞു.

1991ല്‍ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയ, രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. ദീര്‍ഘകാല അസുഖത്തെ തുടര്‍ന്ന് 80ാം വയസ്സിലാണ് അവര്‍ അന്തരിച്ചത്.